leopard

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിന് വാളാംതോട് ജനവാസ കേന്ദ്രത്തിൽ പുള്ളിപ്പുലിയെത്തി. ശനിയാഴ്ച പുലർച്ചെ ഒറ്റത്തെങ്ങുങ്കൽ മാത്യുവിന്റെ വീട്ടിലെ പട്ടിയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പട്ടി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഇവിടെ ഇതുവരെ പുള്ളിപ്പുലിയെത്തിയതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. പുലി വന്നുവെന്ന് ബോധ്യമായതോടെ പ്രദേശത്തുകാർ ആശങ്കയിലാണ്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തുടർ നടപടികൾക്കൊരുങ്ങുകയാണ് വനപാലകർ.