 
പൊന്നാനി: കടലാക്രമണത്തിൽ നിന്ന് തീരത്തെ കാക്കാൻ പത്തുകോടി രൂപയുടെ കടൽഭിത്തി നിർമ്മാണത്തിന് അനുമതി. പൊന്നാനി നിയോജക മണ്ഡലത്തിലെ കടലോര പ്രദേശങ്ങളായ പൊന്നാനി നഗരസഭ, വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലെ
കടൽഭിത്തി നിർമാണത്തിനാണ് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
കാലങ്ങളായി തുടരുന്ന കടലാക്രമണത്തിൽ ഓരോ കാലവർഷത്തിലും വൻ നാശനഷ്ടമാണ് പൊന്നാനി തീരുത്തുണ്ടാകാറുള്ളത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഏറ്റവും ഒടുവിലുണ്ടായ ടൗട്ടെ ചുഴലിക്കാറ്റ് അടക്കമുള്ള
സൈക്ളോണുകളുടെ ഭാഗമായി പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിരവധി വീടുകൾ പൂർണ്ണമായും തകർന്നിരുന്നു . ശാശ്വതമായ കടൽഭിത്തി കെട്ടി തീരദേശ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് പുതിയ സർക്കാർ അധികാരമേറ്റ ഉടനെ തീരദേശ സംരക്ഷണ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങൾ
ഉൾപ്പെടുത്തി രൂപീകരിച്ച റെഡ് സ്‌പോട്ടിൽ പൊന്നാനിയും ഉൾപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ടെട്രാപോഡ്
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം കേരളത്തിൽ രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള കൊച്ചിയിലെ ചെല്ലാനത്ത് പുരോഗമിക്കുകയാണ്. ചെല്ലാനത്തെ പണി പൂർത്തീകരിക്കുന്നതോടെ റെഡ് സ്‌പോട്ടിൽ ഉൾപ്പെട്ട പൊന്നാനി
അടക്കമുള്ള മണ്ഡലങ്ങളിലേക്കും ടെട്രാപോഡ് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രിൽ,മേയ് മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കും
പൊന്നാനിയിൽ തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണ പ്രശ്നങ്ങൾ പി. നന്ദകുമാർ എം.എൽ.എ മുഖ്യമന്ത്രിയുടേയും ജലസേചനവകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദ്രുതഗതിയിലുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിന് മുന്നിൽ സമർപ്പിച്ച പ്രൊപ്പോസൽ അഡ്മിനിസ്‌ട്രേറ്റീവ് സാംഗ്ഷൻ കമ്മിറ്റി തത്വത്തിൽ അംഗീകരിച്ച് സർക്കാർ ഭരണാനുമതി നൽകുകയായിരുന്നു. എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കി വർഷക്കാലം ആരംഭിക്കുന്നതിന് മുൻപ് ഏപ്രിൽ, മെയ് മാസത്തോടെ നിർമ്മാണം പൂർത്തീകരിക്കാനാണഅ ഇറിഗേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്.