 
തേഞ്ഞിപ്പലം: ഒലിപ്രം 15-ാം മൈലിനടുത്ത് അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം കിഷ്വാർ (23), മൂന്നിയൂർ സ്വദേശി ഫഹ്മിദ് റിനാൻ (19), തേഞ്ഞിപ്പലം ദേവതിയാൽ സ്വദേശി കൊളപ്പുള്ളി സുമോദ് (24) എന്നിവരാണ് അറസ്റ്റിലായത്. ചേലേമ്പ്ര കുന്നത്ത് പുള്ളിച്ചി വീട്ടിൽ അബ്ദുൽ ഹക്കീമിന്റെ വീട്ടിൽ കഴിഞ്ഞ 22ന് അർദ്ധരാത്രിയിലായിരുന്നു മോഷണം. 23ന് വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്ന് ഒരാഴ്ചയാകും മുമ്പേ പ്രതികൾ പിടിയിലാകുന്നത്. കിഷ്വാറിനെ ചെട്ടിപ്പടിയിലെ വീട്ടിൽ വച്ചും ഫഹ്മദ് റിനാനെ കോയമ്പത്തൂരിൽ നിന്നും സുമോദിനെ ദേവദിയാലിൽ വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. 12,500 രൂപയും അര പവൻ സ്വർണവും എ.ടി.എം കാർഡുമാണ് മോഷണം പോയിരുന്നത്.
പ്രതികൾ എ.ടി.എം കാർഡ് ഉപയോഗിച്ച് ബാങ്കിൽ നിന്നും 40,000 രൂപ പിൻവലിച്ചിരുന്നു. വള്ളിക്കുന്ന് ആനങ്ങാടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ പ്രതികൾ ബൈക്ക് പിന്നീട് പരപ്പനങ്ങാടിയിൽ ഉപേക്ഷിച്ചു. നേരത്തെ മോഷണക്കേസിൽ പ്രതികളായവരെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യ ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളിലൊരാളായ കിഷോറിന്റെ കൈവശമുണ്ടായിരുന്ന 11,000 രൂപ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളുമായി മോഷണം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുത്തു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ബി. ഷൈജു, എസ്.ഐമാരായ സംഗീത് പുനത്തിൽ, സി. ഷാഹുൽ ഹമീദ്, എ.എസ്.ഐ എൻ. രമാഷ് തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.
കിഷ്വാറിന്റെ പേരിൽ തേഞ്ഞിപ്പലം, ഫറോക്ക്, പരപ്പനങ്ങാടി കുന്നമംഗലം എന്നീ സ്റ്റേഷനുകളിലായി ഒൻപത് കേസ് നിലവിലുണ്ട്. സുമോദിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസും, ഫഹ്മിദിന്റെ പേരിൽ ചങ്ങരം കുളം സ്റ്റേഷനിൽ ഒരു കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്.എച്ച്.ഒ എൻ.ബി ഷൈജു പറഞ്ഞു.