 
തത്തമംഗലം: ഗവ. എസ്.എം.വി.എച്ച്.എസ് സ്കൂളിൽ നടന്ന എൻ.എസ്.എസ് യൂണിറ്റിന്റെ (വി.എച്ച്.എസ്.ഇ വിഭാഗം) സപ്ത ദിന ക്യാമ്പ് 'ഇതളുകൾ' സമാപിച്ചു. സമാപന ദിവസം സമജീവനം പദ്ധതിയുടെ ഭാഗമായി ' പെൺകരുത്ത് ' തെരുവ് നാടകവും ഫ്ലാഷ് മോബും നാടൻ പാട്ടും തത്തമംഗലം ടൗണിൽ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ പരിപാടികളായ വിമുക്തി സേഫ്നെറ്റ് സെമിനാറും റോഡിൽ യെല്ലോലൈൻ കാമ്പയിനും നിരാമയാ സൗജന്യ കൊവിഡാനന്തര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. ഗാർഹിക സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ക്ലാസും ഒരുക്കി. ഔഷധ തോട്ട നിർമ്മാണം, നാടൻ പാട്ട്, വാദ്യോപകരണങ്ങളുടെ അവതരണം, നാടക അവതരണ ക്ലാസ്, പേപ്പർ, പേന നിർമ്മാണം, മാജിക്ക് ഷോ വിത്ത് വയലിൻ, ചിത്ര രചന ക്ലാസ്, ഫയൽ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ് ക്ലാസുകൾ, വനം വന്യജീവികൾ ക്ലാസ്, സ്വയരക്ഷാ ക്ലാസ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
മന്ത്രി കൃഷ്ണൻകുട്ടി, ചിറ്റൂർ - തത്തമംഗലം മുനിസിപ്പൽ നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സമാപന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു, പി.ടി.എ പ്രസിഡന്റ് ഘോഷ്, എസ്.എം.സി ചെയർമാൻ കണ്ണൻകുട്ടി, എം.പി.ടി.എ പ്രസിഡന്റ് നിഷ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വഹീധാ ബാനു, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ലത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അസീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.