e-office

ഇനി ഫയൽ നീക്കത്തിന് വേഗത കൂടും

പാലക്കാട്: ജില്ലയിലെ പൊതുവിതരണ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഫയൽ നീക്കം പൂർണമായും ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറി. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂർ, പാലക്കാട്, ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഇ- ഓഫീസ് സംവിധാനം നിലവിൽ വന്നു. ഫയൽ നീക്കത്തിന്റെ വേഗം കൂട്ടാനും സുതാര്യമാക്കാനും ഇ- ഓഫീസ് സംവിധാനം വഴി സാധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ വഴി ഓഫീസർമാർക്ക് എവിടെ ഇരുന്നും ഫയൽ നോക്കാം. ഓഫീസ് ഫയലുകൾ സ്റ്റേറ്റ് ഡാറ്റ സെൽ വഴി സൂക്ഷിക്കാം. റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും നിലവിൽ ഓൺലൈൻ ആയി അക്ഷയ കേന്ദ്രങ്ങൾ മുഖേനെയും സിറ്റിസൺ ലോഗിൻ വഴിയുമാണ് സമർപ്പിക്കേണ്ടത്. റേഷൻ കാർഡിലെ മാറ്റങ്ങൾക്കായോ പുതിയ റേഷൻ കാർഡിനായോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് റേഷൻ കാർഡ് ഡൗൺ ലോഡ് ചെയ്തു ഉപയോഗിക്കാം. ജില്ലാ പ്രൊജക്ട് മാനേജർ വി.അനൂപിന്റെ നേതൃത്വത്തിൽ എല്ലാ സപ്ലൈ ഓഫീസുകളിലെയും ജീവനക്കാർക്ക് പരിശീലനം പൂർത്തിയാക്കി. ഇ- ഓഫീസ് സംവിധാനം വഴിയുള്ള പ്രവർത്തനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതായി ജില്ലാ സപ്ലൈ ഓഫീസർ വി.കെ.ശശിധരൻ അറിയിച്ചു.