dog

അഗളി: അട്ടപ്പാടി വനപ്രദേശങ്ങളിലെ ഊര് നിവാസികൾ കാട്ടുനായ്ക്കളുടെ ശല്യംമൂലം ദുരിതത്തിൽ. തമിഴ്നാട്ടിൽ നിന്ന് കാട്ടുനായ്ക്കളെ കേരളത്തിലെ വനപ്രദേശങ്ങളിൽ കൊണ്ടുവന്ന് വിട്ടുവെന്നാണ് ഊരുകാർ ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 12 ആടുകളെ നായ്ക്കൾ കൊന്നതായാണ് കടമ്പാറ, ബോഡിച്ചാള ഊര് വാസികൾ പറയുന്നത്. ഇത് വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇതിനെ കുറിച്ച് വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വകുപ്പ് അധികൃതർ പറയുന്നത്. കാട്ടാന, കാട്ടുപന്നി പ്രശ്നങ്ങളിലും നട്ടം തിരിയുന്ന ആദിവാസികൾ ഉൾപ്പടെയുള്ള കർഷകർക്ക് കാട്ടുനായ്ക്കളുടെ പ്രശ്നം ഏറെ തലവേദന സൃഷ്ടിക്കുന്നത്.

അഗളി പഞ്ചായത്തിലെ പട്ടിമാളത്തും സമാനമായ പ്രശ്നം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മേയാൻവിട്ട 14 ആടുകളെയാണ് കാണാതായത്. ഇതേതുടർന്ന് ഊര് വാസികൾ നടത്തിയ തിരച്ചിലിൽ വളർത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയുടെ ആക്രമണമെന്ന് ആദ്യം ഊര് നിവാസികൾ കരുതിയെങ്കിലും പിന്നീട് പല ഇടങ്ങളിലും കൂട്ടത്തോടെ കാട്ടുനായ്ക്കളെ കാണാൻ ഇടയായി. തമിഴ്നാട്ടിൽ നിന്ന് അവിടത്തെ വനംവകുപ്പ് അധികൃതർ കേരള അർത്തിയിൽ കാട്ടുനായ്ക്കളെ കൊണ്ടുവന്നു വിട്ടതാണെന്നാണ് ഊര് മൂപ്പൻമാർ പറയുന്നത്. എന്നാൽ ഇതേകുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് കേരള വനംവകുപ്പിന്റെ വാദം.

പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയുടെ ഭാഗമായി ചെയ്ത വനവത്കരണ പ്രവർത്തനങ്ങളിൽ പതിമൂവായിരം ഹെക്ടർ ഭൂമി ഇപ്പോൾ നല്ല വനപ്രദേശങ്ങളായിട്ടുണ്ട്. ഇവയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്. വനപരിപാല പ്രവർത്തനങ്ങളിൽ കാട്ടുനായ്ക്കളുടെ പ്രശ്നം വകുപ്പ് പരിശോധിച്ചു വരികയാണ്. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

വി.എ.സതീഷ്, ഷോളയൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ.