
ചെർപ്പുളശ്ശേരി: കാക്കാത്തോട്ടിൽ സ്ഥിരം തടയണ വേണമെന്ന ആവശ്യം ശക്തമാക്കി കർഷകർ. കാക്കാത്തോടിന് കുറുകെ മാണ്ടക്കരി പാലത്തിന് താഴെ തടയണ നിർമ്മിച്ച് ജലസേചന സൗകര്യം ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. തടയണ വന്നാൽ മാണ്ടക്കരി, ചെർപ്പുളശ്ശേരി 26-ാം മൈൽ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഏക്കർ കണക്കിന് കൃഷിയിടത്തിലേക്കും കുടിവെള്ളത്തിനും പ്രയോജനം ലഭിക്കുമെന്ന് കർഷകർ പറയുന്നു.
നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി നിരവധി കൃഷികൾ ഈ പ്രദേശങ്ങളിൽ ചെയ്യുന്നുണ്ട്. കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാനായി വേനലിൽ താത്കാലിക തടയണയാണ് ഓരോ വർഷവും നിർമ്മിക്കുന്നത്. കർഷകരുടെ ആവശ്യം പരിഗണിച്ച് ഇവിടെ സ്ഥിരം തടയണ നിർമ്മിക്കാനായി നഗരസഭ ജലസേചന വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും
വെള്ളം താഴ്ന്ന ഉടൻ എസ്റ്റിമേറ്റ് എടുക്കുമെന്നും സ്ഥിരം സമിതി ചെയർമാൻ വി.ടി. സാദ്ദിഖ് ഹുസൈൻ പറഞ്ഞു. ഈ ഭരണ സമിതിയുടെ കാലയളവിൽ തന്നെ തടയണ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.