av-gopinath

പാലക്കാട്: കോൺഗ്രസിൽ നിന്നു രാജി വച്ച മുൻ ഡി.സി.സി പ്രസിഡന്റും മുൻ എം.എൽ.എയുമായ എ.വി.ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം രാത്രി കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെത്തിയായിരുന്നു സന്ദർശനം.

പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടത്തിന് ക്ഷണിക്കുന്നതിനാണ് പോയത്. സന്ദർശനത്തിൽ പ്രത്യേകിച്ച് രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗോപിനാഥ് പറഞ്ഞു. പിണറായി വിജയനും താനും ഒരുമിച്ച് എം.എൽ.എയായിരുന്നിട്ടുണ്ട്. എല്ലാ പാർട്ടിയിലെയും നേതാക്കളുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ. ആ രീതിയിലാണു മുഖ്യമന്ത്രിയെ കാണാൻ പോയതും. തന്റെ ക്ഷണം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. താനൊരു കോൺഗ്രസ് അനുഭാവിയായിട്ടാണ് ഇപ്പോഴും തുടരുന്നത്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. സി.പി.എമ്മിലേക്ക് പോകുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. സമയമാകുമ്പോൾ നിലപാടു വ്യക്തമാക്കുമെന്ന് .ഗോപിനാഥ് പ്രതികരിച്ചു.