
പാലക്കാട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ജില്ലാ നേതൃത്വത്തിനുമെതിരെയും പാർട്ടിയിലെ പ്രാദേശിക വിഭാഗീയത സബംന്ധിച്ചും വിമർശനമുണ്ടായി.നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ആളെക്കൂട്ടുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും വിഭാഗീയതയുടെ ഭാഗമാവുന്നു. ഒന്നിനും കൊള്ളാത്തതായി ജില്ലാ നേതൃത്വം മാറി.. ചില താത്പര്യങ്ങളുള്ള നേതാക്കളുടെ തോഴനായി ജില്ലാ സെക്രട്ടറി പ്രവർത്തിക്കുകയാണെന്നും വിമർശനമുയർന്നു.
കെ.ടി.ഡി.സി ചെയർമാനും ഷൊർണൂർ മുൻ എം.എൽ.എയുമായ പി.കെ.ശശിക്കെതിരെയും വിമർശനമുയർന്നു. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മിറ്റി പ്രതിനിധികളാണ് ശശിക്കെതിരെ പ്രധാനമായും വിമർശനമുന്നയിച്ചത്. കെ.ടി.ഡി.സി ചെയർമാനായതിന് പി.കെ.ശശി പത്രങ്ങളിൽ പരസ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയെത്തുടർന്ന് പാർട്ടി അച്ചടക്ക നടപടി നേരിട്ട ശശിയെ പ്രതീക്ഷിച്ചതിലും വേഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതും ചർച്ചയായി. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്ന പാർട്ടിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാൻ അതിടയാക്കി. പാർട്ടിയെ പ്രതിരോധത്തിലാക്കിയ കണ്ണമ്പ്ര ഭൂമി ഇടപാടിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ചാമുണ്ണിയെ കൂടാതെ, ചാമുണ്ണിക്ക് മുകളിലുള്ളവർക്കും പങ്കുണ്ടെന്നായിരുന്നു വിമർശനം. ഒറ്റപ്പാലത്തെ സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയില്ലാതെ പോയതിനെയും പ്രതിനിധികൾ വിമർശിച്ചു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കം പൊലീസിൽ നിന്നുണ്ടാകുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത വിധത്തിലാണ് പലയിടത്തെയും പൊലീസ് ഇടപെടലുകൾ.
പാലക്കാട്ടെ സി.പി.എമ്മിൽ പ്രാദേശിക വിഭാഗീയത രൂക്ഷമാണെന്നാണ് പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയ പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മറ്റികൾക്കെതിരെയാണ് രൂക്ഷ വിമർശനം . കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരിയെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെ ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ പരാജയപ്പെടുത്തിയതും കടുത്ത വിഭാഗീയതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ട്.