പാലക്കാട്: വിഭാഗീയ പ്രവർത്തനങ്ങളിൽ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ .സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി, ജില്ലയിലെ പാർട്ടിയിൽ ശക്തിപ്പെടുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ താക്കീത് നൽകിയത്.
പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ,അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ പാർട്ടിയിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കാനായി. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയേ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുകയെന്നും പിണറായി പറഞ്ഞു. പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.