cpm

പാലക്കാട്: ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ കോൺഗ്രസ് സംഭാവന ഒന്നുമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 'കർഷക സമര വിജയവും വർഗ സമരവും' എന്ന വിഷയത്തിൽ പാലക്കാട് കോട്ട മൈതാനത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരം കൂടിയായിരുന്നു. കോർപറേറ്റുകൾക്ക് സ്വകാര്യ, ഉദാരവൽക്കരണ നയത്തിലൂടെ ആദ്യം സഹായം ചെയ്തത് കോൺഗ്രസാണ്. അതിനാൽ തന്നെ കർഷകർക്ക് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ്. ബി.ജെ.പിയുടെ പാതയിലാണ് കോൺഗ്രസിന്റെയും യാത്ര. യഥാർത്ഥ ഹിന്ദുക്കളെ അധികാരത്തിൽ എത്തിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്താൻ ഒരു കോൺഗ്രസുകാരും തയ്യാറായിട്ടില്ല. കർഷക സമരം ഇന്ത്യയ്ക്ക് ശരിയായ ദിശാബോധം നൽകിയിട്ടുണ്ട്. ഈ ഐക്യം ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്. അത് കൈവിടാതെ മുന്നോട്ട് പോകണം. വരുന്ന തെരഞ്ഞെടുപ്പുകളിൽ കർഷക സമര വിജയത്തിന്റെ മാതൃകയിൽ ജനകീയ ശക്തികൾ ബി.ജെ.പിയെ പരാജയപ്പെടുത്തണം. തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ കണ്ടാണ് കേന്ദ്രസർക്കാർ കർഷക ബില്ലുകൾ പിൻവലിച്ചത്. ഇവരെ പൂർണമായി വിശ്വസിക്കാനാവില്ല. കർഷക സമരത്തെ പല രീതിയിൽ തകർക്കാൻ ശ്രമിച്ചവരാണ് കേന്ദ്രവും ആർ.എസ്.എസും. ഹിന്ദു സിഖ് കലാപമാക്കി മാറ്റാൻ വരെ ശ്രമം നടന്നു. കർഷക നേതാക്കളുടെ ശക്തമായ പ്രതിരോധമാണ് സമരം വിജയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി കെ. കൃഷ്ണൻകുട്ടി, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ സുധാകരൻ, മിൽമ്മ ചെയർമാൻ കെ.എസ് മണി, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് എ.വി ഗോപിനാഥ്, സെമിനാർ സംഘാടക സമിതി കൺവീനർ ടി.ആർ അജയൻ എന്നിവർ സംസാരിച്ചു.
ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സെമിനാറിൽ ട്രോഫി കൈമാറി.