കൊല്ലങ്കോട്: അമൃതക്ക് പുതുനഗരത്തും ചെന്നൈ എക്‌സ്‌പ്രസിന് കൊല്ലങ്കോട്ടും സ്റ്റോപ്പ് അനുവദിക്കണമെന്ന് പാലക്കാട് പൊള്ളാച്ചി ലെയിൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. നിരവധി യാത്രക്കാർ കയറുന്ന കൊല്ലങ്കോട് സ്റ്റേഷനിൽ ചെന്നൈ പാലക്കാട് ട്രെയിൻ നിറുത്താത്തത് റെയിൽവേ പുനപരിശോധിക്കണം. കൊടുവായൂർ, ചിറ്റൂർ, പെരുവെമ്പ് പ്രദേശങ്ങളിലുള്ളവർക്ക് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അമൃത എക്സ്പ്രസിന് പുതുനഗരത്ത് സ്റ്റോപ്പ് അനുവദിക്കണം. നിറുത്തിവെച്ച പാസഞ്ചറുകൾ പുനസ്ഥാപിക്കണമെന്നും തിരുച്ചെന്തൂർ പാസഞ്ചർ രാവിലെ ആറിന് പാലക്കാട് ജംഗ്ഷനിൽ നിന്നും യാത്ര പുറപ്പെടാൻ സമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആലത്തൂർ, പാലക്കാട് എം.പിമാരെ നേരിൽ കണ്ട് റെയിൽവേ പ്രശ്നങ്ങൾ ഉന്നയിക്കാനും തീരുമാനമായി. പ്രസിഡന്റ് മുരുകൻ ഏറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.