samaramam

പാലക്കാട്: നെല്ലിന്റെ സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച് സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാത്തൂർ ആനിക്കോട് നടുപ്പാടം പാടശേഖര സമിതിയിലെ സി.എ.കണ്ണൻ എന്ന കർഷകന്റെ 1163 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായ 32,703 രൂപയാണ് സപ്ലൈകോ തടഞ്ഞുവച്ചത്. കഴിഞ്ഞ നവംബർ എട്ടിനാണ് പി.ആർ.എസ് നൽകിയത്.

സാധാരണയായി പത്തു ദിവസത്തിനകം പണം നൽകാറുണ്ട് എന്നിരിക്കെ രണ്ടുമാസം കഴിഞ്ഞിട്ടും തുക നൽകിയിട്ടില്ല. പല തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് കണ്ണൻ കർഷകരുമായി ഓഫീസിലെത്തി പ്രതിഷേധിച്ചത്. പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശിവരാജൻ, ജില്ലാ സെക്രട്ടറി പി.വി.പങ്കജാക്ഷൻ, പ്രേംദാസൻ, ശിവദാസൻ, സുജിത്, സതീഷ്, ഉദയകുമാർ, ദേവദാസ് എന്നിവർ പങ്കെടുത്തു.

കണ്ണൻ എസ്.ബി.ഐ പാലക്കാട് ബ്രാഞ്ചിൽ നിന്ന് വായ്പ എടുത്താണ് കൃഷി ഇറക്കിയത്. ഈ തുക ലഭിക്കാത്തതിനാൽ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കണ്ണന്റെ പെർമിറ്റ് ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി സംഭരിച്ച നെല്ലിന്റെ ഉടമസ്ഥനെ കണ്ടെത്തണമെന്ന് കണ്ണൻ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലമാണ് ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നൽകാത്തതെന്ന് കണ്ണൻ പറഞ്ഞു.