con

കോയമ്പത്തൂർ: തോക്കുമായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയെ കോൺഗ്രസ് നേതാവ് പിടിയിൽ. പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റും പട്ടാമ്പി മുൻ നഗരസഭാ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങളാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് എയർപോർട്ട് അതോറിട്ടി തങ്ങളെ തോക്കുമായി പിടികൂടിയത്. തോക്കും ഏഴ് ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് ബംഗളുരുവിലേക്കും അവിടെ നിന്ന് അമൃത്‌സറിലേക്കും പോകാനായിരുന്നു പദ്ധതി. ബാഗേജ് ചെക്ക് ചെയ്യുന്നതിനിടെയാണ് തോക്കും തിരകളും കണ്ടെത്തിയത്. തുടർന്ന് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതോടെ തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ പിന്നീട് കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറി. തോക്ക് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായതാണെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ കാലത്തുള്ള തോക്കെന്നാണ് തങ്ങൾ പൊലീസിന് നൽകിയ മൊഴി. തിരഞ്ഞെടുപ്പ് സമയത്ത് തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ളവർ തോക്ക് അതത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നിരിക്കെ തങ്ങൾ അത് പാലിച്ചില്ലെന്നാണ് സൂചന.