amruth
അമൃത് പദ്ധതി

 തുക വിനിയോഗത്തിൽ പാലക്കാട് നാലാം സ്ഥാനത്ത്

പാലക്കാട്: നഗരപ്രദേശങ്ങളുടെ ആധുനികവത്കരണത്തിന് സാമ്പത്തികസഹായം നൽകുന്ന അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ്‌ അർബൻ ട്രാൻസ്‌ഫോർമേഷൻ എന്ന ‘അമൃത്’ സം​സ്ഥാ​ന​ത്ത് മുടന്തുന്നു. പദ്ധതി ആരംഭിച്ച് മൂ​ന്ന് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നാളിതു​വ​രെ ചെ​ല​വ​ഴിച്ചത് ആകെ തുകയുടെ 52.64 ശ​ത​മാ​നം മാ​ത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ 1002 പ​ദ്ധ​തി​ക​ൾ​ക്കാ​യി 2357.69 കോ​ടി അ​നു​വ​ദി​ച്ച​തി​ൽ 1256.76 കോ​ടി മാ​ത്ര​മാ​ണ് ഇതുവരെ ചെ​ല​വ​ഴി​ച്ച​ത്. കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളാ​ണ് പ​ല​യി​ട​ത്തും തു​ട​ങ്ങാ​നാ​വാ​തെ പ്രതിസന്ധിയിലായിട്ടുള്ളത്. പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ളാ​ണ് ഇതിന് പി​ന്നി​ൽ.

സംസ്ഥാനത്തെ ആറ് കോർപറേഷനിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലുമാണ് ​അ​മൃ​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തു​ക വി​നി​യോ​ഗ​ത്തി​ലും പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലും മു​ന്നി​ലു​ള്ള​ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും തൃ​ശൂ​ർ ജി​ല്ല​യി​ൽ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യു​മാ​ണ്. ആ​ല​പ്പു​ഴ​യി​ൽ 77.07 ശ​ത​മാ​ന​ത്തി​ലേ​റെ തു​ക ചെ​ല​വ​ഴി​ച്ച​പ്പോ​ൾ ഗു​രു​വാ​യൂ​ർ 64.20 ശ​ത​മാ​നം തു​ക​യാ​ണ് ചെ​ല​വി​ട്ട​ത്. 22.94 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച കൊ​ല്ല​മാ​ണ് ഏ​റ്റ​വും പി​ന്നി​ൽ. 62.04 ശതമാനം ചെലവഴിച്ച പാലക്കാട് ഈ പട്ടികയിൽ കണ്ണൂരിനും പിന്നിൽ നാലാം സ്ഥാനത്താണ്.

50 ശ​ത​മാ​നം കേ​ന്ദ്ര വി​ഹി​ത​വും 30 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വും 20 ശ​ത​മാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​ത​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പ​ദ്ധ​തി. കു​ടി​വെ​ള്ള വി​ത​ര​ണം, സ്വീ​വേ​ജ്, നടപ്പാത, ആ​കാ​ശ​പ്പാ​ത, കാ​ന നി​ർ​മ്മാ​ണം, പാ​ർ​ക്കു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

2015ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​തെ​ങ്കി​ലും 2017ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ഫ​ണ്ട് ന​ൽ​കി തു​ട​ങ്ങി​യ​ത്. 2023 മാർച്ച് 31 ഓടെ പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിക്കും. ഇതുവരെയായി 756 പദ്ധതികളാണ് പൂർത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അമൃത് ഒന്നാംഘട്ടത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ സമാന്തരമായി രണ്ടാംഘട്ടത്തിന്റെ മാർഗരേഖ പൂർത്തിയാക്കിക്കൊണ്ടിരിക്കയാണ്.

- മന്ത്രി എം.വി. ഗോവിന്ദൻ

 അമൃത് പദ്ധതി നഗരങ്ങളും ചെലവും (ശതമാനത്തിൽ)

ആലപ്പുഴ - 77.07

ഗുരുവായൂർ - 64.20

കണ്ണൂർ - 62.91

പാലക്കാട് - 62.04

തിരുവനന്തപുരം - 57.73

കൊച്ചി - 51.48

തൃശൂർ - 50.45

കോഴിക്കോട് - 38.45

കൊല്ലം - 23.44