ചിറ്റൂർ: പൊങ്കൽ ഉത്സവത്തിന്റെ പ്രധാന ആഘോഷമായ മാട്ടുപ്പൊങ്കൽ ഇന്നു നടക്കും. കാപ്പുകെട്ടിനു ശേഷം തൈ പൊങ്കൽ ദിവസമായ ഇന്നലെ കിഴക്കൻ മേഖലയിലെ കർഷക കുടുംബങ്ങൾ ആഹ്ലാദത്തിന്റെ നിറവിലായിരുന്നു. കുടുംബത്തിൽ പുതിയതായി വിവാഹം ചെയ്തു കൊണ്ടുവന്നവർക്ക് പുതുവസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളം പാത്രങ്ങളും നല്കുന്ന പ്രത്യേക ചടങ്ങുകളും പല വീടുകളിലും നടന്നു. ഇന്ന് വൈകീട്ടാണ് പൊങ്കൽ വയ്പ്പ്. വർണ്ണപ്പൊടികൾ ഉപയോഗിച്ച് മുറ്റത്ത് കോലമിട്ടും വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പിൽ പൊങ്കൽ വച്ചും നിവേദിക്കുന്ന ചടങ്ങും നടന്നു. മാട്ടുപൊങ്കൽ ദിവസമായ ഇന്ന് കാലികളെ കുളിപ്പിച്ച് കുറിയിട്ട് കൊമ്പുകളിൽ ചായം പൂശി കാലെ കൂട്ടി വൃത്തിയാക്കിയ തൊഴുത്തിൽ കെട്ടും. തൊഴുത്തിനു മുമ്പിൽ തെപ്പ കുളം എന്ന പേരിൽ ഒരു ചെറിയ കുളത്തിന്റെ മാതൃക നിർമ്മിച്ച് മണ്ണും ചാണകവും ഉപയാഗിച്ച് വെള്ളം കെട്ടി നിറുത്തും. തൊഴുത്തിൽ കെട്ടിയ കാലികളെ വൈകുന്നേരത്തോടെ തെപ്പള്ളം ചാടി കടത്തുന്നതും ചടങ്ങിന്റെ ഭാഗമാണ്. ചെറിയ കിടാങ്ങളുണ്ടെങ്കിൽ പഴമക്കാരെ പിന്തുടർന്ന് കിണ്ണം കൊട്ടി ഓടിക്കുന്ന ചടങ്ങുകളും ചില ഭാഗത്ത് നടന്നു വരാറുണ്ട്. നാളെ ഉത്സവത്തിന്റെ സമാപനം കറിച്ചുള്ള പൂ പൊങ്കലാണ്.