palam
കണ്ണന്നൂർ കടവ് പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താത്കാലിക മൺപാതയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ.

കൊല്ലങ്കോട്: പല്ലശ്ശനക്കാരുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി കണ്ണന്നൂർ കടവ് പാലത്തിനെ സമാന്തരമായി തത്കാലിക പാലത്തിന്റെ നിർമ്മാണം തുടങ്ങി. കാലപ്പഴക്കം മൂലം തകരാറിലായ കണ്ണന്നൂർ കടവ് പാലം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുന്നത്.
പാലം നിർമ്മാണ പ്രവൃത്തികൾക്കായി പൊളിക്കുന്നതോടെ പല്ലശ്ശന, കൂടല്ലൂർ, പല്ലാവൂർ പ്രദേശക്കാർക്ക് കൊല്ലങ്കോട് എത്തിച്ചേരണമെങ്കിൽ വിത്തനശ്ശേരി വഴി കൊല്ലങ്കോട് അല്ലെങ്കിൽ കരിപ്പോട് വഴി കൊല്ലങ്കോട് കിലോമീറ്ററോളം സഞ്ചരിക്കണം. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രിക്കും പരാതിയും നൽകിയിരുന്നു. ജനകീയ സമരവും ജനപ്രതിനിധികളുടെ യോഗവും നടത്തിയതോടെ കരാറുകാരനെ കൊണ്ട് താത്കാലിക പാലം നിർമ്മിക്കാൻ ധാരണയാവുകയായിരുന്നു. താത്കാലിക പാത നിർമ്മിക്കുമ്പോൾ പുഴയിൽ സ്ഥാപിക്കാൻ ആവശ്യമായ പൈപ്പുകൾ നെല്ലിയാമ്പതി കുണ്ടറ ചോലയിൽ നിന്നും പോത്തുണ്ടി മുതലമട എന്നീ ഭാഗങ്ങളിൽ നിന്നും എത്തിച്ചു തുടങ്ങി. പുഴയിൽ ഇവ നിരത്തി മണൽചാക്കിട്ട് മുകളിൽ മണ്ണിട്ടാണ് താത്കാലിക പാത നിർമ്മിക്കുന്നത്. ഇതോടെ പല്ലശ്ശനയുടെ സമീപ പ്രദേശത്തുള്ളവർക്ക് പാലത്തിന്റെ പുനർനിർമ്മാണം കഴിയുന്നതുവരെ കൊല്ലങ്കോട് എത്താൻ താത്കാലിക പാലം ഏറെ സഹായകരമാകും.