 
 ഇരുവശത്തുമുള്ള ആയിരത്തിലേറെ തേക്ക് മരങ്ങൾ വെട്ടിമാറ്റേണ്ടി വരും
ഒറ്റപ്പാലം: ഷൊർണൂർ - നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരിക്കുന്നതിന് വേണ്ടി പാതയോരത്തുള്ള തേക്ക് മരങ്ങൾ വെട്ടിമാറ്റേണ്ടി വരുമെന്ന് ആശങ്ക. 70 കി.മീറ്റർ ദൂരം വരുന്ന പാതയുടെ ഇരുവശത്തായി ആയിരകണക്കിന് തേക്ക് മരങ്ങളുണ്ട്. വർഷങ്ങൾക്ക് മുമ്പ് റെയിൽവേ തന്നെ പാതയോരത്ത് നട്ടുപിടിപ്പിച്ചതാണിത്. നിലമ്പൂർ പാതയുടെ അലങ്കാരമായിരുന്നു പാതയോരത്തെ തേക്ക് മരങ്ങൾ. ഷൊർണൂർ - നിലമ്പൂർ റെയിൽപാത ഹരിത ഇടനാഴി എന്ന പേരിൽ പ്രശസ്തി നേടുന്നതിനും പാളങ്ങൾക്ക് ഇരുവശത്തും തല ഉയർത്തി നിന്നിരുന്ന തേക്ക് മരങ്ങൾ കാരണമായിരുന്നു. എന്നാൽ, പാത വൈദ്യുതീകരിക്കുന്നതോടെ തേക്ക് മരങ്ങളുടെ നിലനിൽപ്പ് ആശങ്കയിലാവുകയാണ്.
ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റേണ്ടിവരും
70 കിലോമീറ്റർ ദൈർഘ്യമുള്ള ഹരിതപാതയിൽ വൈദ്യുതീകരിക്കുന്നതിന്. ഇരുവശത്തായി 1300 ഇരുമ്പ് തൂണുകൾ സ്ഥാപിക്കണം. ഇതിന് മുകളിലൂടെയാണ് വൈദ്യുതി കമ്പികൾ കടന്ന് പോകുക. 25000 കിലോ വാട്ട് ഉയർന്ന അളവുള്ള അതിശക്തമായ വൈദ്യുത പ്രവാഹം ഇതുവഴിയുണ്ടാവും. അതിനാൽ തന്നെ വൈദ്യുത പാതയിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റേണ്ടിവരും. വൈദ്യുത പാതകളിലൂടെയുള്ള തീവണ്ടികളുടെ സുരക്ഷിത സഞ്ചാരത്തിന് ഇത് അനിവാര്യവുമാണ്. ഇതോടെയാണ് പാതയുടെ ഹരിത ഇടനാഴി പട്ടം നഷ്ടമാവുമോ എന്ന ആശങ്ക ഉയരുന്നത്.
വലിയ സാമ്പത്തിക നഷ്ടം നികത്താം
വൈദ്യുതീകരിക്കുന്നതോടെ ഡീസൽ എൻജിനുകൾ വഴി സർവീസ് നടത്തുമ്പോഴുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം നികത്താനാവുമെന്നാണ് റെയിൽവെയുടെ പ്രതീക്ഷ. എൻജിൻ മാറ്റലിനും അടുത്തടുത്ത സ്റ്റോപ്പുകളിലായി തീവണ്ടികൾ നിറുത്തി എടുക്കുന്നതിനും മറ്റുമായി ആയിരക്കണക്കിന് ലിറ്റർ ഡീസലാണ് പ്രതിദിനം ആവശ്യമായി വരുന്നത്. ഒരു പാസഞ്ചർ തീവണ്ടി ഒരു സ്റ്റോപ്പിൽ നിറുത്തി എടുക്കാൻ 65 ലിറ്റർ ഡീസൽ വേണമെന്നാണ് റെയിൽവെയുടെ കണക്ക്.
ഇതിന് സഹായകമായ യാത്രക്കാർ നിലമ്പൂർ പാതയിൽ നിന്നുണ്ടാകുന്നില്ലെന്നും റെയിൽവെയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഇത്തരം ചെലവുകൾക്ക് വലിയ കുറവ് വരുമെന്നും ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാനാവാവുമെന്നുമാണ് റെയിൽവെയുടെ പ്രതികരണം.