
പാലക്കാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) നേതൃത്വത്തിൽ മലമ്പുഴ കരടിയോട് ചേമ്പനയിൽ പ്രവർത്തിക്കുന്ന ഇമേജ് എന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. നാലുകോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. അഗ്നിരക്ഷാ സേനയുടെ ഒമ്പത് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ രാവിലെ 11ഓടെയാണ് തീ പടർന്നത്. രാത്രി ഏറെ വൈകിയാണ് പൂർണമായും അണച്ചത്.
പ്ലാന്റിന് സമീപം വനമാണ്. കാട്ടുതീയാണ് പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകട സമയത്ത് ജീവനക്കാർ ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. പ്ലാന്റിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില ബാർകോഡ് പ്രോസസിംഗ് പ്ലാന്റാണ് കത്തിയമർന്നത്. ആദ്യം ചെറിയ രീതിയിൽ പടർന്ന തീ അധികൃതർ തന്നെ അണച്ചിരുന്നു. കാറ്റ് ശക്തമായതിനാൽ പിന്നീട് ആളിപ്പടരുകയായിരുന്നു.
പ്ലാന്റിന്റെ മേൽക്കൂര മുട്ടുന്ന രീതിയിലാണ് മാലിന്യം നിറച്ചിരുന്നത്. പ്ലാന്റിന് പുറത്തും ഉയരത്തിൽ മാലിന്യം കൂട്ടിയിരുന്നു. കൊവിഡിന് മുമ്പുള്ള മാലിന്യവും സംസ്കരിക്കാനാകാതെ കൂട്ടിയിട്ടിട്ടുണ്ട്. തുറസായ സ്ഥലത്തും മാലിന്യം സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ കൃത്യമായ സംസ്കരണം നടന്നിരുന്നില്ല. കൂടുതൽ ആശുപത്രി മാലിന്യം എത്തുന്നതാണ് കുന്നുകൂടാൻ കാരണമെന്നാണ് ഐ.എം.എ അധികൃതർ പറയുന്നത്. സംസ്ഥാനത്തെ ചെറുതും വലുതുമായ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മാലിന്യം ഇവിടെയാണ് സംസ്കരിക്കുന്നത്. 17 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുമ്പും തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.