shonor

ഷൊർണൂർ: സ്വന്തം ഉടമസ്ഥതയിലുള്ള ചെറുകിട വ്യവസായ വികസന കേന്ദ്രത്തെ കുപ്പത്തൊട്ടിയാക്കി ഷൊർണൂർ നഗരസഭ. കുളപ്പുള്ളി മെറ്റൽ ഇൻഡസ്ട്രിസിന് സമീപത്തുള്ള ചെറുകിട കാർഷികോപകരണ സ്ഥാപനങ്ങൾക്ക് ആശ്വാസമേകാൻ സ്ഥാപിച്ച എസ്.ഐ.എസ്.ഐ സെന്ററാണ് മാലിന്യം കുന്നുകൂടി നശിച്ചു കൊണ്ടിരിക്കുന്നത്.

നഗരസഭാ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെയുള്ളത്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവിട്ട കാലഘട്ടത്തിൽ ചെറുകിട വ്യവസായ സ്ഥാപനത്തിന് മാത്രം താഴുവീണില്ല. നടത്തി കൊണ്ടുപോകാനുള്ള നഗരസഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.എസ്.അജയകുമാർ എം.പിയായിരുന്ന കാലത്ത് 55 ലക്ഷം രൂപ കേന്ദ്ര സർക്കാരിന് നൽകി നഗരസഭ ഏറ്റെടുത്തു. തുടർന്ന് ഷൊർണൂർ അഗ്രികൾച്ചർ ഇംപ്ലിമെന്റ് കൺസോർഷ്യത്തിന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകി കോടതി ഉത്തരവായി. എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലിൽ നഗരസഭ കൺസോർഷ്യത്തിന് നൽകാൻ തയ്യാറായില്ല. ചെറുകിട വ്യവസായികളുടെ കൂട്ടായ്മ കൂടിയാണ് ഈ കൺസോർഷ്യം.നഗരസഭ കൈവശം വച്ച് വർഷങ്ങൾ പിന്നിട്ടതോടെ സ്ഥാപനം തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.


നശിക്കുന്നത് കോടികൾ വിലമതിക്കുന്ന മെഷീനുകൾ

വ്യവസായ മാർക്കറ്റിൽ ഏറെ വിലയുള്ള പവ്വർ ഹാമർ, ഡ്രോ ഫോർ ജർ, മെക്കാനിക്കൽ പ്രസ് തുടങ്ങി അഗ്രികൾച്ചർ ഉപകരണ നിർമ്മാണത്തിനും മറ്റുമുള്ള കോടികൾ വിലയുള്ള മെഷീനുകളാണ് ഇവിടെ കിടന്ന് നശിക്കുന്നത്. നിലവിൽ മെഷീനുകളുടെ ആവശ്യത്തിനായി യൂണിറ്റുകൾ ഇപ്പോൾ കോയമ്പത്തൂരിനെയാണ് ആശ്രയിക്കുന്നത്.

പ്രവർത്തിക്കുന്നത് 170 കമ്പനികൾ

170 കമ്പനികളാണ് ഇരുമ്പുരുക്ക് കാർഷികോപകരണ മേഖലയിൽ ഷൊർണൂരിൽ പ്രവർത്തിക്കുന്നത്. ഇടത്തരം കുടിൽ വ്യവസായ യൂണിറ്റുകൾ ഇതിന്റെ ഇരട്ടിവരും. 3000 തൊഴിലാളികൾ നേരിട്ടും 2000 തൊഴിലാളികൾ പരോക്ഷമായും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. സ്ഥാപനം കേന്ദ്ര സർക്കാരിൻ കീഴിലായിരുന്നപ്പോൾ ഇരുമ്പുരുക്ക് കാർഷികോപകരണ നിർമ്മാണത്തെ പറ്റി പഠിക്കാനും ഇത്തരം വ്യവസായങ്ങൾ പരിപോഷിപ്പിക്കുന്നതിനും ഇവിടെ കോഴ്സുകളുണ്ടായിരുന്നു. തകർന്നു കൊണ്ടിരിക്കുന്ന ഈ ചെറുകിട വ്യവസായ സ്ഥാപനത്തെ സംരക്ഷിക്കാൻ കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രിസ് അസോസിയേഷനും നടപടിയെടുക്കുന്നില്ല. ചെറുകിട വ്യവസായ വികസന കേന്ദ്രം ഷൊർണൂർ അഗ്രികൾച്ചർ ഇംപ്ലിമെന്റ് കൺസോർഷ്യത്തിന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ചെറുകിട വ്യവസായ യൂണിറ്റുകളുടെ ആവശ്യം. എന്നാൽ ഈ നീക്കത്തെ ചെറുക്കാൻ 2018ൽ നീക്കം നടന്നു. നഗരസഭ സിൽക്കിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവർ ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല പിന്നീട് വന്ന നഗരസഭാ ഭരണസമിതികൾ ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടില്ല.