land

ചിറ്റൂർ: സർക്കാർ ഉടമസ്ഥതയിലുള്ള എരുത്തേമ്പതി ഐ.എസ്.ഡി ഫാം എന്നറിയപ്പെടുന്ന വിത്തുല്പാദന കേന്ദ്രത്തിൽ ഏക്കർ കണക്കിന് ഭൂമി തരിശായി ഇട്ടിരിക്കുന്നതായി പരാതി. 150ൽപ്പരം ഏക്കർ വിസ്തീർണമുള്ള ഭൂമിയിൽ 20 ഏക്കറാണ് തരിശായി കിടക്കുന്നത്. തരിശുഭൂമിയിൽ കുറ്റിചെടികളും മറ്റും വളർന്ന് കാടുപിടിച്ച് കിടക്കുകയാണ്. വർഷങ്ങളായി കൃഷിയിറക്കലോ വിത്തുല്പാപാദനമോ നടക്കാറില്ല. ഇവിടം പന്നികളുടേയും മയിലുകളുടെയും പാമ്പുകളുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.150 ഏക്കറോളം വരുന്ന ഫാമിൽ മുൻകാലങ്ങളിൽ കരിമ്പ്, പരുത്തി, നിലക്കടല തുടങ്ങിയ കൃഷി വ്യാപകമായിരുന്നു. എന്നാൽ കാലക്രമേണ അവയിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി. ഇത്തരം കൃഷി തിരിച്ചു കൊണ്ടുവരാനും ഈ ഭൂമി ഉപയോഗപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. കോരയാർ പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഫാമിലേക്ക് ആവശ്യമായ ജലമെത്തിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചു തടയണകൾ നിർമ്മിച്ചിട്ടുണ്ടെന്നും എന്നിട്ടും ഉപയോഗപ്പെടുത്താതെ തരിശിട്ടിരിക്കുകയാണെന്നും സമീപത്തെ കർഷകർ ആരോപിച്ചു.

നിവേദനം നൽകി പാടശേഖരസമിതി

ജലക്ഷാമം പരിഹരിക്കുന്നതിനായി കോരയാർ പുഴയോരത്തു സ്ഥിതിചെയ്യുന്ന കൃഷി ഫാമിനോട് ചേർന്ന് കോരയാറിൽ ലക്ഷങ്ങൾ ചെലവഴിച്ച് തടയണകൾ നിർമ്മിച്ചിട്ടുണ്ട്. ഫാമിനകത്തും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തടയണകൾ എന്നും നിറഞ്ഞു കവിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. തരിശ് നിലങ്ങൾ കൃഷിയിറക്കാൻ പ്രോത്സാഹനം നൽകി വരുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള ഇത്രയേറെ സ്ഥലം ഉപയോഗപ്പെടുത്താതെ തിരശ് ഇട്ടിരിക്കുന്ന കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എരുത്തേമ്പതി പാടശേഖരസമിതി ഭാരവാഹികൾ കൃഷി മന്ത്രിക്ക് നിവേദനം നൽകി.

 കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതോടെ പുഴയോരത്തുള്ള സ്ഥലത്തെ മണ്ണ് ഒലിച്ചുപോയി. ഇപ്പോൾ ഇവിടെ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഈ ഭൂമി ഉപയോഗപ്പെടുത്താനായി എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. സംരക്ഷണ ഭിത്തികെട്ടി ബലപ്പെടുത്താനും ഒഴുകിപ്പോയ ഭാഗത്തു മണ്ണിട്ടു നികത്താനുമുള്ള എസ്റ്റിമേറ്റ് തയാറാക്കി. ഏകദേശം 80 ലക്ഷം രൂപയോളം വരുമെന്നാണു കണക്ക്. ഈ പദ്ധതിക്ക് അനുമതി ലഭിക്കുന്ന മുറയ്ക്കു പണികൾ പൂർത്തിയാക്കി ഈ സ്ഥലത്തു കൃഷിയിറക്കാനാകും.

എസ്.ആറുമുഖ പ്രസാദ്, ഫാം സൂപ്രണ്ട്