
ചെർപ്പുളശ്ശേരി: മലബാർ സൗഹൃദ വേദിയുടെയും മലയാളകലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ കഥാകാരി രാജ ലക്ഷ്മിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡോ. അമൃതം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെ ഉൾക്കരുത്തുള്ള സാഹിത്യരചനകൾ കൊണ്ട് സമ്പന്നമാക്കിയ സാഹിത്യകാരിയാണ് രാജലക്ഷ്മിയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സോഷ്യലിസ്റ്റ് അമ്മങ്കോട് ദാമോദരൻ, നാട്യശ്രീ പുരസ്‌കാരം നേടിയ സുഷമ ബാലൻ, കെ.ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നന്മ ജില്ലാ സെക്രട്ടറി ടി.പി.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ചെർപ്പുളശ്ശേരി ഗവ. ഹൈസ്‌കൂൾ പ്രധാനദ്ധ്യാപിക ടി.ഉഷാരത്നം മുഖ്യപ്രഭാഷണം നടത്തി. ബിജുമോൻ പന്തിരുകുലം, ഐ.ചന്ദ്രമതി, വിജയൻ കടാങ്കോട്, സിദ്ദിഖ് പറക്കാടൻ, സുഷമ ബാലൻ, പ്രതീഷ് എന്നിവർ സംസാരിച്ചു.