പാലക്കാട്: കുതിരാനിലെ ഗതാഗതക്കുരുക്ക് ഇനി വെറും പഴങ്കഥ. തൃശൂർ ഭാഗത്തു നിന്ന് പാലക്കാട്ടേക്കുള്ള രണ്ടാംതുരങ്കം ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി തുറന്നതോടെ കുതിരാനിലെ കുരുക്ക് പൂർണമായും അഴിയുകയാണ്. സാധാരണ പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തൃശൂർ ഭാഗത്തെ കൊമ്പഴ കഴിഞ്ഞ് ഇരുമ്പുപാലം വഴി കുതിരാൻ മലയിലൂടെ യാത്ര ചെയ്ത് വഴുക്കുംപാറയിലെത്താൻ ചുരുങ്ങിയത് 30 മിനിട്ട് എടുക്കും. ഗതാഗതക്കുരുക്കുണ്ടായാൽ അത് മണിക്കൂറുകൾ നീളും. രണ്ടാംതുരങ്കം തുറന്നതോടെ യാത്രക്കാർക്ക് മൂന്ന് കിലോമീറ്റർ ലാഭിക്കാനാവും. ഒന്നര മിനുട്ടിൽ തുരങ്കം കടക്കാം. ഇരുപത് കി.മീ വേഗതയിൽ യാത്രചെയ്താൽ പോലും മൂന്നു മിനുട്ടേ വേണ്ടിവരു. 964 മീറ്ററാണ് കുതിരാൻ തുരങ്കത്തിന്റെ നീളം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 50 ഫയർ ഹൈഡ്രന്റുകളും രണ്ട് ഇലക്ട്രിക് പമ്പുകളും, ഒരു ഡീസൽ പമ്പും കുതിരാനിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഹോസും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് എമർജൻസി ഫോണുകൾ കൂടാതെ ഒരോ നൂറ് മീറ്ററിലും പത്ത് സി.സി ടിവികളും തുരങ്കത്തിലുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 1200 എൽ.ഇ.ഡി ലൈറ്റുകളുമുണ്ട്. 60 കിലോമീറ്ററാണ് തുരങ്കത്തിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത.
 ചരക്ക് നീക്കത്തിന് പുതുവേഗം
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അവശ്യസാധനങ്ങളും മറ്റും എത്തുന്നത് വാളയാർ, പൊള്ളാച്ചി, ഗോവിന്ദാപുരം ചെക്ക്പോസ്റ്റുകൾ വഴിയാണ്. ഇവിടേക്കുള്ള ഏകമാർഗമാണ് കുതിരാൻ വഴിയുള്ള ദേശീയപാത. ചരക്കുവാഹനങ്ങൾ മാത്രം ഒരുദിവസം ഏകദേശം 10,000 എണ്ണം കുതിരാൻ പാതയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മറ്റ് വാഹനങ്ങളുടെ എണ്ണം കൂടിയെടുത്താൽ 15000 ആയി ഉയരും. രണ്ട് ഭാഗത്തേക്കും വെവ്വേറെ തുരങ്കപാത തുറന്നതിനാൽ ചരക്ക് നീക്കം ഉൾപ്പെടെ സുഗമമാകും. കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിക്കും കുതിരാൻ തുരങ്കം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
കുതിരാൻ തുരങ്കം
 ഉയരം 8.95 മീറ്റർ
 നീളം 945 മീറ്റർ
 ആകെ വീതി 14 മീറ്റർ (നടപ്പാതയുൾപ്പെടെ)
 രണ്ട് തുരങ്കങ്ങളും തമ്മിലുള്ള അകലം 24 മീറ്റർ