
ചേർത്തല: ദേശീയപാതയിൽ മായിത്തറയ്ക്ക് സമീപം പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ആനക്കര കണ്ഠംപുള്ളി കെ.പി. ബാബുവിന്റെ മകൻ ബി. ഇന്ദ്രജിത്താണ് (22) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന കൊല്ലം ആലുകടവ് പുതുവീട്ടിൽ എസ്.അച്ചു(26), മലപ്പുറം പന്താവൂർ കരുവെട്ടി വീട്ടിൽ സി.മിഥുൻ(28) എന്നിവരാണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പെട്ടി ഓട്ടോയിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്ദ്രജിത് അപകടസ്ഥലത്ത് മരിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്റണം വിട്ട ലോറി റോഡിന്റെ വശത്ത് മറിഞ്ഞു. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും മറ്റുവാഹനങ്ങളിലെ ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.