train

പാലക്കാട്: ട്രെയിൻ യാത്രയ്ക്ക് മുതിർന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്ന യാത്രാ ഇളവുകൾ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ബോഡ് യോഗത്തിൽ ആവശ്യപ്പെട്ടു. നിരവധി യാത്രക്കാർ ദിവസേന ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകൾ കൊവിഡ് മാനദണ്ഡം പാലിച്ച് ഉടൻ പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കാര്യങ്ങൾ റെയിൽവേയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേയുടെ സജീവമായ പരിഗണനയിലുണ്ട്. പാലക്കാട് നിന്നും പുറപ്പെടുന്ന തിരുചെന്തൂർ പാസഞ്ചർ ട്രെയിൻ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയത്തേക്ക് പുനർക്രമീകരിക്കണം എന്ന ആവശ്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണ്. റെയിൽവേ ബഡ്ജറ്റിന് മുമ്പായി ഓൺലൈനായി പാർലമെന്റ് അംഗങ്ങളുമായി പാലക്കാട് ഡിവിഷൻ ജനറൽ മാനേജർ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് മറുപടി നൽകിയത്. മുതലമടയിലെ മാമ്പഴ കർഷകരുടെ ഉൽപ്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നതിനായി എക്സ്പ്രസ് ട്രെയിനുകൾക്ക് മുതലമടയിൽ സ്റ്റോപ്പ് അനുവദിക്കുകയും പ്രത്യേക പാർസൽ വാൻ എക്സ്പ്രസ് ട്രെയിനിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പാലക്കാട് ഡിവിഷൻ അധികൃതർ മുതലമടയിലെ മാമ്പഴ കർഷകരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വിളവെടുപ്പിന് ആനുപാതികമായി ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും റെയിൽവേ ഡിവിഷൻ മാനേജർ അറിയിച്ചതായി രമ്യ ഹരിദാസ് പറഞ്ഞു.

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പകൽ ഒരു ഇന്റർസിറ്റി എക്സ്പ്രസ് ആരംഭിക്കണമെന്ന വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ആവശ്യത്തോട് തിരുവനന്തപുരത്ത് ടെർമിനൽ നിർമ്മാണം നടക്കുന്നതുകൊണ്ട് ഇപ്പോൾ കഴിയില്ലെന്നായിരുന്നു മറുപടി.

കൊവിഡ് മൂലം നിർത്തിവെച്ച എല്ലാ പാസഞ്ചർ ട്രെയിനുകളും പാലക്കാട് പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകളും ആരംഭിക്കണമെന്നും യോഗത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു.