
പട്ടാമ്പി: തൃത്താല മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എടപ്പറമ്പിൽ ശങ്കരൻ (86) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മു. മക്കൾ: ശ്രീകല, നമിനി, സന്തോഷ്.
തൃത്താലയുടെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ എന്നും സജീവമായിരുന്ന ശങ്കരൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന അവസാന കാലയളവിലും പാർട്ടിവേദികളിലെ നിത്യസന്ദർശകനായിരുന്നു. മുസ്ലിം ലീഗിലെ കെ.പി. രാമനെ 5585 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് 1991ൽ ഇ. ശങ്കരൻ തൃത്താല എം.എൽ.എയായത്.
സി.പി.എം തൃത്താല ഏരിയ കമ്മിറ്റി അംഗം, പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗവും സി.പി.എം ബ്രാഞ്ച് മെമ്പറുമായിരുന്നു.
ജനപ്രതിനിധി എന്ന നിലയിൽ നേതൃശേഷികൊണ്ട് അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യനാണ് നമ്മെ വിട്ടു പോയതെന്ന് സ്പീക്കർ എം. ബി. രാജേഷ് അനുസ്മരിച്ചു.
സൗമ്യമായ പെരുമാറ്റം കൊണ്ട് ജനസമ്മതനായിരുന്ന അദ്ദേഹം തനിക്ക് ഗുരുതുല്യനായിരുന്നു എന്ന് പി. മമ്മിക്കുട്ടി എം.എൽ.എ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം ഏറെ പ്രിയപ്പെട്ട പൊതുപ്രവർത്തകനായിരുന്നു എന്ന് മുൻ എം.എൽ.എ വി.ടി. ബൽറാം അനുശോചന സന്ദേശത്തിൽ പറഞ്ഞു.