
പാലക്കാട്: സത്രപ്പടി പാറ റോഡിൽ സത്രപ്പടി പുഴപ്പാലത്തിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചു. റോഡിനോട് ചേർന്ന് നിറുത്തിയിട്ടിരുന്ന കാറിന് തൊട്ടരികിൽ വരെ തീ പടർന്നു കയറിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. സമീപത്തു തന്നെ വീടുകളും ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കടയും ഉണ്ടായിരുന്നു. നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇല്ലാതെ തീ അണച്ചു. പുഴയോരത്ത് ആരോ തീ കത്തിച്ചത് പുല്ലിലേക്ക് പടരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഞ്ചിക്കോട് അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി. മനോജ്, ഡി. സജിത്ത്, എസ്. സമീർ, സി. കലാധരൻ, ഹോംഗാർഡ് സി. കരുണാകരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.