parabikulam

കൊല്ലങ്കോട്: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കടുവ, പുലി, ഇരജീവികൾ എന്നിവയുടെ കണക്കെടുപ്പ് ആരംഭിച്ചു. 'എയ്റ്റ് ഡേ പ്രോട്ടോക്കോൾ ' എന്ന പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച ആരംഭിച്ച കണക്കെടുപ്പ് അടുത്ത വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കും. കടുവ, പുലി, ഇരജീവികളായി കാട്ടുപോത്ത് (കാട്ടു പശു), മ്ലാവ്, കേഴമാൻ, കൂരമാൻ, മുയൽ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കണക്കെടുപ്പാണ് എട്ടു ദിവസത്തെ പ്രവർത്തനത്തിൽ പ്രധാനം. പറമ്പിക്കുളം കടുവാ സങ്കേതത്തെ 20 ഭാഗങ്ങളായി തിരിച്ച് ഒരോഭാഗത്തിനും അഞ്ചുവീതം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് കണക്കെടുപ്പ്. 'എം. സ്‌ട്രൈപ്സ് ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത്തവണത്തെ പ്രവർത്തനം. ആദ്യമായാണ് മൃഗങ്ങളുടെ കണക്കെടുപ്പിന് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതെന്ന് ബയോളജിസ്റ്റ് വിഷ്ണു വിജയൻ പറഞ്ഞു.

വിവരങ്ങൾ പറമ്പിക്കുളം ടൈഗർ ഫൗണ്ടേഷനു സമർപ്പിക്കും

കണക്കെടുപ്പിൽ ലഭ്യമാകുന്ന വിവരങ്ങൾ പറമ്പിക്കുളം ടൈഗർ ഫൗണ്ടേഷനു സമർപ്പിക്കും. കാമറ കെണി ഉപയോഗിച്ച് പറമ്പിക്കുളത്ത് അവസാനമായി നടത്തിയ കണക്കെടുപ്പിൽ 35 കടുവകളും 86 പുലികളുമുണ്ടെന്നാണ് തെളിഞ്ഞത്. ഇരമൃഗങ്ങളുടെ കണക്കെടുപ്പിൽ പങ്കെടുക്കുന്നവർക്കായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ക്ലാസുകളിൽ പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ്. വൈശാഖ്, ടൈഗർ മോണറ്ററിംഗ് എക്സ്‌പേർട്ട് ഡോ . ബാലസുബ്രമണ്യം, ബയോളജിസ്റ്റ് വിഷ്ണു വിജയൻ എന്നിവർ പങ്കെടുത്തു.

കണക്കെടുപ്പിങ്ങനെ

മാംസഭോജികളായ ജീവികളുടെ ഇരകൾ വസിക്കുന്ന സ്ഥലം കണ്ടെത്തും

ഇരകൾക്ക് ആവശ്യമായ സസ്യലതാദികളുടെ സാന്നിധ്യം ഉറപ്പാക്കും

ആദ്യത്തെ മൂന്നുദിവസം കാൽപ്പാട്, മരങ്ങളിലെ അടയാളങ്ങൾ, ശബ്ദങ്ങൾ, കാഷ്ഠങ്ങൾ എന്നിവ നോക്കി ഓരോ മൃഗത്തിന്റെയും സാന്നിധ്യം ഉറപ്പാക്കും

അടുത്ത രണ്ടുദിവസം രണ്ടുകിലോ മീറ്റർ നേർരേഖയിൽ വഴിയുണ്ടാക്കി (ട്രാൻസിറ്റ് സ്‌ട്രൈറ്റ് ലൈൻ) മൃഗ സാന്നിധ്യം ഉറപ്പാക്കും.

അവസാനത്തെ മൂന്നു ദിവസമാണ് ഇരജീവികളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത്.