
പട്ടാമ്പി: രാജ്യതലസ്ഥാനമായ ഡൽഹി നഗരത്തെ കർഷക സമരകാലത്ത് കീഴടക്കിയ ട്രാക്ടറുകളുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങൾ വള്ളുവനാട്ടിലെ വഴിയോര വിപണി കീഴടക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ ട്രാക്ടർ കളിപ്പാട്ടങ്ങളുമായി ഉത്തരേന്ത്യയിൽ നിന്നുള്ള നിരവധി സംഘങ്ങളാണ് ഇതിനകം എത്തിയത്. രാജസ്ഥാൻ സ്വദേശികളാണ് വിപണക്കാരിൽ ഏറെയും. ഓരോ സീസണിലും വ്യത്യസ്ത കളിപ്പാട്ടങ്ങളുമായി വിവിധ നാടുകളിൽ പര്യടനം നടത്തുന്ന ഇവർ കർഷക സമരത്തിന് ശേഷം ട്രാക്ടർ കളിപ്പാട്ടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
മേത്തരം ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച ട്രാക്ടർ കളിപ്പാട്ടങ്ങൾ 200 രൂപ മുതലാണ് വിൽക്കുന്നത്. ട്രാക്ടറിന്റെ ബലവും കരുത്തും ബോധ്യപ്പെടുത്താൻ അവയ്ക്കു മുകളിൽ കയറിനിന്ന് ഇരുമ്പ് മെറ്റീരിയലിന്റെ ശക്തി ഉപഭോക്താക്കൾക്കു മുന്നിൽ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്ക് കളിക്കാൻ എന്നതിലുപരി ഷോക്കേസുകളിലും പൂന്തോട്ടങ്ങളിലും വയ്ക്കാനാണ് ആളുകൾ ഇവ കൂടുതലായും വാങ്ങുന്നത്.
നിർമ്മാണ കമ്പനികളിൽ നിന്ന് കളിപ്പാട്ടങ്ങളുടെ ലോഡുമായി എത്തി പാതയോരങ്ങളിലെ വിപണി കയ്യടക്കുകയാണ് ഈ സംഘം. പട്ടാമ്പി- പാലക്കാട് റോഡിൽ സ്വകാര്യ ആശുപത്രി പരിസരത്ത് കഴിഞ്ഞദിവസം കച്ചവടത്തിനെത്തിയ സംഘത്തിന്റെ പക്കൽനിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് പേരാണ് കളിപ്പാട്ടങ്ങൾ വാങ്ങിയത്.
ലോറിമാറി ഇപ്പോൾ ട്രാക്ടർ
മുമ്പ് മണ്ണുമാന്തി യന്ത്രങ്ങൾ ലോറികൾ തുടങ്ങിയ മോഡലുകളുമായും എത്തിയിട്ടുണ്ടെങ്കിലും ട്രാക്ടറിനാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലെന്ന് വിൽപ്പനക്കാർ പറയുന്നു. ട്രാക്ടറിന്റെയും ഇതിൽ ഘടിപ്പിച്ച ട്രോളിയും ഉൾപ്പെടുന്ന കളിപ്പാട്ടമാണ് വിപണിയിലുള്ളത്.