mango

കൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയെ ലക്ഷ്യമിട്ട് അയൽസംസ്ഥാനത്തെ കീടനാശിനി കമ്പനികൾ. മാമ്പൂ പൂത്തു തുടങ്ങിയതോടെ പൂകൊഴിഞ്ഞു പോകാതെ നിലനിർത്താനും പൂ കരിയാതെ സംരക്ഷിക്കാനും അത്യുല്പാദനം ലഭിക്കുമെന്ന വാഗ്ദാനവും കീടങ്ങൾ പൂർണ്ണമായി നശിപ്പിക്കാൻ കഴിയുമെന്നു പറഞ്ഞാണ് കീടനാശിനി കമ്പനികളുടെ പ്രതിനിധികൾ മാങ്ങാ കർഷകർക്കിടയിൽ എത്തുന്നത്. ചെറിയ അളവിൽ കീടനാശിനി പ്രയോഗിച്ചാൽ മികച്ച വിളവ് ലഭിക്കുമെന്ന് പറയുന്നതോടെ വിലകൂടിയ കീടനാശിനികൾ വാങ്ങി ഉപയോഗിക്കാൻ കർഷകരും തയ്യാറാകുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇലപ്പേൻ ശല്യവും കൊവിഡ് മഹാമാരിയും ലോക്ക്ഡൗൺ മൂലവും ഉല്പാദനവും വിപണനവും കുറഞ്ഞതോടെ കർഷകർക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതുമുതലെടുത്താണ് മരുന്നു കമ്പനികൾ പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുതലമടയിൽ 36 ഇനത്തിൽപ്പെട്ട മാങ്ങകളാണ് വിളവെടുപ്പ് നടത്തുന്നത്. ആദ്യ ഉല്പാദാനം നടത്തുന്നതിൽ നല്ല വില കിട്ടുന്നതും കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. അനുകൂല കാലാവസ്ഥയും മണ്ണിന്റെ ഗുണവും രുചി കൂടുതലുള്ള മാങ്ങ ഉല്പാദിപ്പിക്കാൻ കഴിയുന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മുതലമട മാങ്ങയ്ക്ക് ഏറെ പ്രിയമേറുന്നത്.

മിത്ര കീടങ്ങളെ നശിപ്പിക്കരുത്

മുതലമട മാംഗോസിറ്റി എന്നറിയപ്പെടുന്നതിന് ഏറെ പരിശ്രമങ്ങൾ നടത്തിയാണ് പ്രശസ്തി നേടിയത്. എന്നാൽ അമിത കീടനാശിനി പ്രയോഗം മാങ്ങയുടെ ഉല്പാദനത്തിനെ തന്നെ ദോഷമായി വന്നിരിക്കുകയാണ്. മാന്തോപ്പുകളിൽ മിത്രകീടങ്ങൾ ഇല്ലാതായി വരുന്നതാണ് ഉല്പാദന കുറവിന്റെ പ്രധാന കാരണം. മാമ്പൂതളിർക്കുമ്പോൾ പരാഗണം നടത്തുന്ന ചിത്രശലഭങ്ങൾ തേനീച്ചകൾ മറ്റു പ്രാണികൾ ഉറുമ്പുകൾ എന്നിവ മാരക കീടനാശിനി പ്രയോഗംമൂലം മാന്തോപ്പുകളിൽ എത്തുന്നില്ല. ഇതുമൂലം കാറ്റിലൂടെയുള്ള പരാഗണമല്ലാതെ പൂർണ്ണതോതിൽ നടക്കുന്നില്ല. ശത്രുകീടങ്ങളെ തുരത്തുന്നതും നശിപ്പിക്കുന്നതുമായ ഉറുമ്പുകൾ, ഇലന്തിവലകൾ എന്നിവ മാന്തോപ്പുകളിലില്ല. ഇവയുടെ ഇല്ലായ്മയാണ് ശത്രുകീടങ്ങൾ വർദ്ധിച്ച് ഉല്പാദനം കുറയാൻ കാരണം. മിത്രകീടങ്ങളെ സംരക്ഷിച്ചാൽ മാത്രമേ ഉല്പാദനം കൂട്ടാൻ കഴിയൂ. മുതലമട മാങ്ങാ കർഷകർ കഴിഞ്ഞ രണ്ടു വർഷമായി നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. ശാസ്ത്രീയവും പാരമ്പര്യമായ അറിവും സംയോജിപ്പിച്ചുള്ള വിജ്ഞാനമാണ് കർഷർക്ക് വേണ്ടത്. മിത്രകീടങ്ങളെ സംരക്ഷിച്ചാൽ മാത്രമേ ഇനിയുള്ളകാലം മാംഗോസിറ്റിക്ക് പിടിച്ചുനിൽക്കാൻ കഴിയൂ.

എ.എം.സെയ്ത് ഇബ്രാം ഷാ, സഫ്നാ ഫ്രൂട്ടസ് എക്സ്‌പോർട്സ് ആൻഡ്

ഇപംപോർട്സ്, മീങ്കര, ഗോവിന്ദാപുരം, മുതലമട.