
പാലക്കാട്: ഒന്നും രണ്ടും കൊവിഡ് വ്യാപനത്തിനുശേഷം പതുക്കെ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടെയെത്തിയ മൂന്നാം തരംഗം വഴിയോര കച്ചവടക്കാരെ വീണ്ടും വഴിയാധാരമാക്കുന്നു. തുടർച്ചയായി നാലു വർഷത്തോളമായി പ്രതിസന്ധി നേരിടുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
എന്നാൽ രണ്ടാം കൊവിഡ് വ്യാപനം കുറഞ്ഞതിനുശേഷം ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചതോടെ കഴിഞ്ഞ രണ്ട് മാസമായി വഴിയോരകച്ചവടം മെച്ചപ്പെടുത്തുന്നതിനിടെയാണ് വ്യാപനം കൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി വ്യാപനത്തെ തുടർന്ന് കച്ചവടം പൊതുവെ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വഴിയോര കച്ചവടത്തിന് പുറമെ ഉത്സവ ആഘോഷങ്ങൾക്കായി സീസൺ കച്ചവടം നടത്തുന്നുവരുമുണ്ട്. ഇവരുടെ കാര്യവും സമാനമാണ്.
ലോക്ക് ഡൗൺ ഇളവിൽ ഉത്സവാഘോഷങ്ങൾ നടത്താൻ അനുമതി ലഭിച്ചിരുന്നു. നഗര- ഗ്രാമീണ മേഖലകളിലായി പച്ചക്കറി, പഴവർഗ്ഗങ്ങൾ, തുണി, ചെരിപ്പ്, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, പലതരം പഴയ സാധനങ്ങൾ നന്നാക്കുന്നവർ തുടങ്ങി നിരവധി ചെറുകിട വഴിയോരക്കച്ചവടക്കാരാണ് ജില്ലയിലുള്ളത്. കൊവിഡിന് മുമ്പ് നഗരത്തിൽ നേരത്തെ പതിനായിരം രൂപവരെ വരുമാനം ലഭിച്ചിരുന്ന വഴിയോരകച്ചവടക്കാർക്ക് നിലവിൽ ശരാശരി 4000- 5000 രൂപയാണ് ലഭിക്കുന്നത്. ഇത്രപോലും വരുമാനം ലഭിക്കാത്ത പലരും കച്ചവടം നിറുത്തുകയും ചെയ്തു. നിലവിൽ രാവിലെയും വൈകീട്ടുമാണ് ചെറിയ തോതിലെങ്കിലും കച്ചവടം നടക്കുന്നത്.
തീരാ പ്രതിസന്ധി
2017ൽ നോട്ട് നിരോധനം വന്നപ്പോൾ തുടങ്ങിയതാണ് കച്ചവടക്കാരുടെ ദുരിതം. ഇതിൽ നിന്ന് പതുക്കെ കരകയറുമ്പോഴാണ് 2018ലും 19ലും പ്രളയത്തിൽ കച്ചവടം മുങ്ങിയത്. പ്രളയക്കെടുതിമാറി ജീവിതം പച്ചപ്പിടിക്കുന്നതിനിടെ 2020ലും 21ലും വ്യാപിച്ച കൊവിഡ് മഹാമാരി മേഖലയെ കൂടുതൽ ദുരിതത്തിലാക്കി.
കൊവിഡ് വ്യാപനം കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 500 രൂപയാണ് വരുമാനം ലഭിക്കുന്നത്. ഓരോ ദിവസും വരുമാനം കുറയുന്ന അവസ്ഥയാണ്. കൊവിഡ് ഭീതിയിൽ ജനംജീവിതം വീണ്ടും ലോക്കായതാണ് നിലവിലെ പ്രതിസന്ധിയ്ക്കു കാരണം.
- മജീദ്, വഴിയോര കച്ചവടക്കാരൻ. പാലക്കാട്.