colony

 അവഗണനയിൽ കഴിയുന്നത് പട്ടയവും രേഖകളുമില്ലാതെ പത്തോളം കുടുംബങ്ങൾ

ശ്രീകൃഷ്ണപുരം: വെള്ളിനേഴി പഞ്ചായത്തിലെ ഏഴാം വാർഡ് തിരുനാരായണപുരം ചുവന്ന പറമ്പ് നാലു സെന്റ് കോളനി നിവാസികൾ അധികൃതരുടെ അവഗണനയിൽ. താമസിച്ചുവരുന്ന സ്ഥലത്തിന്റെ അവകാശികളെന്ന് തെളിയിക്കാനാകാതെ പതിറ്റാണ്ടുകളായി ദുരിതത്തിലാണിവർ. മൂന്നും നാലും തലമുറകളായി ഓല മേഞ്ഞും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് പത്തോളം കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. അഞ്ച് പതിറ്റാണ്ടായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണിവിടെ. വെള്ളിനേഴി പഞ്ചായത്തിലുള്ള മറ്റു കോളനികളുടെയും അവസ്ഥ ഇതുതന്നെ.

പട്ടയമോ മറ്റു രേഖകളോ ഇല്ലാതെ കഴിയുന്ന സാഹചര്യം അധികൃതർക്ക് മുമ്പാകെ അറിയിച്ചിട്ടും. നടപടിയുണ്ടാകാതെ കോളനി നിവാസികളെ അവഗണിക്കുകയാണെന്ന ആക്ഷേപമുയർന്നിട്ട് ഏറെ നാളായി. സി.പി.ഐ വെള്ളിനേഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളനികളിൽ താമസിച്ചു വരുന്നവർക്ക് പട്ടയം അനുവദിക്കാൻ നടപടി എടുക്കണമെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അപേക്ഷ നൽകിയ മുഴുവൻ പേർക്കും പട്ടയത്തിനുള്ള എസ്.എം നമ്പർ കിട്ടിയപ്പോഴും ചുവന്ന പറമ്പ് കോളനിക്കാർ അപ്പോഴും പുറത്തായി. റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ വില്ലേജ് പരിധിയിൽ അല്ല ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ചുവന്ന പറമ്പ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. പത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശം എന്ന കാരണത്താൽ ഒരു രേഖയുമില്ലാതെ കഴിയുന്നത്. പഞ്ചായത്ത് ഇതിനായി യാതൊരു നടപടിയും എടുക്കാത്തതിനാൽ ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

ഈ കോളനിവാസികളോട് ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അവഗണനയ്ക്കെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഗ്രാമ പഞ്ചായത്ത് അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളനി നിവാസികളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാൻ തയ്യാറാകും.

- ആലുംകുണ്ടിൽ രാധാകൃഷ്ണൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി