
ചെർപ്പുളശ്ശേരി: നഗരസഭയിലെ തനത് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ബിൽ അടയ്ക്കാനാവില്ലെന്ന നിലപാട് മയപ്പെടുത്തി ചെയർമാൻ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ചെയർമാൻ പി. രാമചന്ദ്രൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
അജണ്ടയിൽ ഇല്ലാത്ത വിഷയം പ്രതിപക്ഷ അംഗം കെ.എം. ഇസ്ഹാഖാണ് കൗൺസിലിൽ ഉന്നയിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമാവാൻ പോവുന്ന ഈ സമയത്ത് തനത് കുടിവെള്ള പദ്ധതികളുടെ വൈദ്യുതി ബിൽ ഗുണഭോക്തൃ കമ്മിറ്റികൾ അടയ്ക്കണമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നും എസ്.സി കുടിവെള്ള പദ്ധതികൾക്ക് പ്രത്യേകമായി തുക മാറ്റി വെക്കാനുള്ള സാദ്ധ്യതകൾ അടക്കം പരിശോധിച്ച് പ്രശ്നത്തിന് എന്തെങ്കിലും ബദൽ മാർഗം കാണണമെന്നുമായിരുന്നു ഇസ്ഹാഖ് യോഗത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ വൈദ്യുതബിൽ അടക്കില്ല എന്നത് നഗരസഭയെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവം നടത്തുന്ന അപവാദപ്രചാരണങ്ങൾ ആണെന്ന് ചെയർമാൻ പറഞ്ഞു. ബിൽ അടക്കാൻ തന്നെയാണ് ഒക്ടോബറിൽ സ്വീകരിച്ച തീരുമാനമെന്നും എന്നാൽ ഓഡിറ്റ് വിഭാഗം എതിർപ്പ് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ചില പദ്ധതികളുടെ വൈദ്യുത കണക്ഷൻ വിഛേദിച്ച സാഹചര്യമുണ്ടായതെന്നും ചെയർമാൻ പറഞ്ഞു. ഒരു കുടിവെള്ള പദ്ധതിയും ബിൽ അടയ്ക്കാത്തതിന്റെ പേരിൽ മുടങ്ങില്ലെന്നും പദ്ധതി നടത്തിപ്പിൽ നഷ്ടമുണ്ടെങ്കിൽ പദ്ധതിയുടെ താക്കോൽ അടക്കം നഗരസഭയെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലെങ്കിൽ പ്രവർത്തനച്ചെലവ് സംബന്ധിച്ച് സബ് കമ്മിറ്റിയെ ബോധ്യപ്പെടുത്തി ഉചിതമായ തീരുമാനമെടുക്കാമെന്നും ചെയർമാൻ അറിയിച്ചു.
നേരത്തെ തനത് കുടിവെള്ള പദ്ധതികളുടെ വൈദ്യുതിബിൽ അടയ്ക്കുന്നതിന് നഗരസഭക്ക് നിയമതടസവും ഓഡിറ്റ് ഒബ്‌ജെക്ഷനും ഉണ്ടെന്നായിരുന്നു ചെയർമാൻ പ്രതികരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ മയപ്പെടുത്തിയത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സകോളർഷിപ്പ് വകമാറ്റിയ വിഷയത്തിൽ മൂന്ന് മാസത്തിനകം തുക കൊടുത്ത് തീർക്കാൻ ഹൈക്കോടതി ഉത്തരവായിട്ടുണ്ടെന്നും എന്നാൽ നഗരസഭക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ പരാതിക്കാരുമായി ചർച്ച ചെയ്ത് അവർക്ക് കൂടി അംഗീകരിക്കാൻ കഴിയുന്ന സമയം സാവകാശം ചോദിച്ചു നഗരസഭ അപ്പീൽ നൽകുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭയിൽ താൽക്കാലിക വിഭാഗം ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച ചെയ്തു. അഞ്ച് പകരക്കാരെ ഉൾപ്പെടുത്തിയെങ്കിലും 15 പേരെ നിയമിക്കണമെന്ന് സെക്രട്ടറി നിർദേശം വെച്ചതോടെ ഇത്തരത്തിൽ 15 പേരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. കൊവിഡ് വ്യാപന പശ്ചാത്തത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ആർ.ടി. പി.സി.ആർ പരിശോധന സംഘടിപ്പിക്കാൻ ഡി.എം.ഒയോട് ആവശ്യപ്പെടാനും യോഗത്തിൽ നിർദ്ദേശമുയർന്നു. നഗരസഭാ കെട്ടിട്ടത്തിൽ വാടക കുടിശ്ശിക ഇല്ലാത്ത വ്യാപാരികൾക്ക് കൊവിഡ് സാഹചര്യം പരിഗണിച്ച് 2021- 22 വർഷത്തിൽ
മൂന്ന് മാസത്തെ വാടക് ഇളവ് ചെയ്ത് നൽകാനും യോഗത്തിൽ തീരുമാനിച്ചു. 39 പ്രധാന അജണ്ടകളും എട്ട് സപ്ലിമെന്ററി അജണ്ടകളും യോഗത്തിൽ ചർച്ച ചെയ്തു