chittur-college
ചിറ്റൂർ ഗവ: കോളേജിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി തിരി തെളിക്കുന്നു

ചിറ്റൂർ: ചിറ്റൂർ ഗവൺമെന്റ് കോളേജിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. കോളേജിലെ മഹാത്മാ ഗാന്ധി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് വേണ്ടി ഉദ്ഘാടന പരിപാടിയുടെ തിരി തെളിക്കുകയും ചെയ്തു. രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
കലാലയങ്ങൾ തൊഴിലധിഷ്ഠിത ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്താൻ ശ്രമിക്കണമെന്നും ചിറ്റൂർ കോളേജിലെ പ്രഗത്ഭരായ പൂർവ അദ്ധ്യാപക വിദ്യാർത്ഥി സമൂഹം ആ മാതൃക പിന്തുടർന്നവർ ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ആർ. ബിന്ദു നിർവഹിച്ചു.
ഈ വർഷം ആഗസ്റ്റ് മാസം വരെ നീളുന്ന 75 ഇനം കർമ്മപരിപാടികളുടെ അവതരണം വാർഷികാഘോഷ പരിപാടിയുടെ ജനറൽ കൺവീനർ ഇ.എൻ. സുരേഷ് ബാബു നിർവഹിച്ചു.

ചടങ്ങിന് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. ബേബി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത, വൈസ് ചെയർമാൻ എം. ശിവകുമാർ, വാർഡ് കൗൺസിലർ എം. മുകേഷ്, പൂർവ്വ വിദ്യാർത്ഥി ആർ. ജയപ്രകാശ്, പൂർവ്വ വിദ്യാർത്ഥിയും വ്യവസായ പ്രമുഖനുമായ അഡ്വ. ജയപാലമേനോൻ, അലുംമ്നി പ്രതിനിധി എൻ. രവീന്ദ്രനാഥ മേനോൻ, പി.ടി.എ പ്രതിനിധി ആർ. ഗോപി, പൂർവ്വ ഓഫീസ് ജീവനക്കാരുടെ പ്രതിനിധി കെ. ഗോപി, എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ നിർമ്മാണം പൂർത്തിയാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സമിത് ചന്ദ്രൻ, ജില്ലാ നിർമിതി എൻജിനിയർ ഡെല്ല സണ്ണി എന്നിവരെ വൈസ് പ്രിൻസിപ്പൽ ഡോ. കെ. ബേബി പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് കോ. കൺവീനർ ഡോ. പി. മുരുഗൻ നന്ദി പറഞ്ഞു