
മണ്ണാർക്കാട്: നഗരസഭ മുൻ ചെയർപേഴ്സൺ എം.കെ. സുബൈദ വനിതാലീഗ് മണ്ണാർക്കാട് മണ്ഡലം ട്രഷറർ സ്ഥാനം രാജിവച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മു സൽമ വനിതാലീഗ് പദവി രാജിവച്ചതിന് പിന്നാലെയാണ് സുബൈദയുടെ രാജി. നേതാക്കൾക്കു താത്പര്യമില്ലാത്തവരെ സംസ്ഥാന കമ്മിറ്റി ഉത്തരവിന്റെ മറവിൽ പുറത്തു നിറുത്തുകയും വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കാൻ ഉത്തരവിൽ വെള്ളം ചേർക്കുകയും ചെയ്‌തെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന ജില്ലാ നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ സുബൈദയുടെ ആരോപണം.
മണ്ണാർക്കാട് പഞ്ചായത്തായിരുന്ന കാലത്ത് പത്ത് വർഷം സ്ഥിരംസമിതി അദ്ധ്യക്ഷയും നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷയുമായിരുന്നു സുബൈദ. മൂന്നുതവണ മത്സരിച്ചവർ 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് സുബൈദയെ മാറ്റി നിറുത്തിയിരുന്നു. എന്നാൽ തന്റെ കാര്യത്തിൽ നിർദേശം കൃത്യമായി പാലിക്കുകയും മൂന്നുതവണ മത്സരിച്ച മറ്റൊരു വനിതയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു വരെ രാജിവയ്പ്പിച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു. തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിലല്ല രാജിയെന്നും അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അക്കാര്യം ഉന്നയിക്കുമായിരുന്നുവെന്നും സുബൈദ പറഞ്ഞു.
മണ്ണാർക്കാട് മൂന്നാമത്തെ വനിതാ നേതാവാണ് ലീഗിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. നേരത്തെ രാജിവച്ച ഷഹന കല്ലടി പിന്നീട് സി.പി.എമ്മിൽ ചേർന്നിരുന്നു. രാജിവച്ചതിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസൽമയെ ലീഗ് പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെല്ലാം പിറകെയാണ് എം.കെ. സുബൈദയുടെയും രാജി.