
പഴയ പ്രതാപമില്ലെങ്കിലും നാളികേരം നമ്മുടെ സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ നാളികേരത്തിന് ഓരോ തവണ വില ഇടിയുമ്പോഴും ഗ്രാമീണ കേരളത്തിന്റെ നെഞ്ചിടിപ്പും കൂടും. നിലവിൽ സംസ്ഥാനത്തെ കേരകർഷകരുടെയാകെ ഹൃദയതാളം തെറ്റിച്ചാണ് നാളികേരത്തിന്റെ വില കൂപ്പുകുത്തുന്നത്. പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ 10 മാസംകൊണ്ട് ക്വിന്റലിന് 1300 രൂപ കുറഞ്ഞു. കൊപ്രയ്ക്ക് നാലായിരം രൂപയും കുറഞ്ഞു. ഉത്പാദനം കൂടിയിട്ടും നാളികേര വിലത്തകർച്ച പാലക്കാട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ കർഷകരെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കി. സർക്കാരിന്റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണ് വിലയിടിവിന് കാരണമായത്.
പച്ചത്തേങ്ങ, കൊപ്ര, കൊട്ടത്തേങ്ങ എന്നിവയുടെ പ്രധാന സീസൺ ആരംഭിച്ചതിന് പിന്നാലെയാണ് വില കൂപ്പുകുത്തിയത്. ജനുവരി ആദ്യം ക്വിന്റലിന് 4200 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില 2900 ലേക്കാണ് താണത്. കൊട്ടത്തേങ്ങ ക്വിന്റലിന് 15000 രൂപയിൽ നിന്ന് 11000 രൂപയായി. സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടുതലുള്ള കോഴിക്കോട് വിപണിയിൽ പച്ചതേങ്ങയുടെ ശരാശരി വില കിലോയ്ക്ക് 29 രൂപയാണ്. പക്ഷേ, കർഷകന് കിട്ടുന്നതാവട്ടെ 11 രൂപയും. ഉത്തരേന്ത്യയിലേക്കും തമിഴ്നാട്ടിലേക്കുമാണ് കേരളത്തിലെ തേങ്ങ ഏറ്റവുമധികം കയറ്റി അയച്ചുകൊണ്ടിരുന്നത്. ഉത്തരേന്ത്യയിലേക്കുൾപ്പെടെ തേങ്ങ കയറ്റി അയയ്ക്കുന്ന കോഴിക്കോട്ടെ കോക്കനട്ട് ബസാറിൽ സംഭരിച്ച തേങ്ങ ടൺ കണക്കിന് കെട്ടിക്കിടക്കുകയാണ്. വിലയിടിവിനൊപ്പം ഉത്പന്നം അധികമായി സംഭരിക്കേണ്ടിവരുന്നതും പ്രതിസന്ധി ഇരട്ടിയാക്കുമെന്ന് കർഷകരും കർഷക സംഘടനകളും വ്യക്തമാക്കുന്നു.
വില സ്ഥിരത ഉറപ്പാക്കണം
ഏതൊരു കാർഷികോത്പന്നത്തിനും സർക്കാർ താങ്ങുവില ഏർപ്പെടുത്തുന്നത് വിലയിടിവ് തടയാനാണ്. ഉത്പാദനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ നോക്കിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. വില ഇതിലും താഴെ ആയാൽ കൃഷി നഷ്ടമാണെന്നുറപ്പ്. അപ്പോൾ സർക്കാർ ഇടപെട്ട് വിവിധ ഏജൻസികൾ വഴി ഉത്പന്നങ്ങൾ താങ്ങുവില നൽകി സംഭരിക്കും. കൃഷിയെ താങ്ങിനിറുത്താൻ ഇത്തരം നടപടികൾ അനിവാര്യമാണ്.
ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ സംഭരണത്തിനുള്ള ഒരുക്കങ്ങൾ സർക്കാർ ഊർജിതമാക്കണം. കൂടാതെ കർഷകന് വില അപ്പപ്പോൾ നൽകാനുള്ള സംവിധാനവും വേണം. വൈകുന്തോറും വില ഇനിയും ഇടിഞ്ഞുകൊണ്ടേയിരിക്കും. ഇത് കൃഷിയുടെ തകർച്ചയ്ക്കാവും വഴിയൊരുക്കുക. കേരളത്തിലെ നാളികേര കൃഷിയുടെ ഗ്രാഫ് കഴിഞ്ഞ കുറേ വർഷങ്ങളായി പിറകോട്ടാണ് എന്നത് തന്നെ ഇതിന് തെളിവാണ്. സംഭരണം കാര്യക്ഷമമല്ലാത്തതും വില സ്ഥിരത ഇല്ലാത്തതുമാണ് ഇതിന് കാരണം. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഉണർന്നുപ്രവർത്തിക്കുക തന്നെ വേണം.
നാളികേരം വാങ്ങാൻ അന്യസംസ്ഥാനത്തു നിന്ന് ആളെത്താത്തതിനാൽ വിലകിട്ടാതെ പ്രതിസന്ധിയിലായ കേര കർഷകരെ കരകയറ്റാൻ കേര ഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതല സമിതികൾ, സഹകരണ സംഘങ്ങൾ എന്നിവയെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കണം.
മൂല്യവർദ്ധിത ഉത്പന്നമേഖല കരുത്താർജിക്കണം
രാജ്യത്ത് നാളികേരം ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ കേരളമാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020 -21 വർഷത്തിൽ കേരളത്തിൽ 7,60,700 ഹെക്ടർ സ്ഥലത്ത് നാളികേര കൃഷിയുണ്ട്. 6974.50 ദശലക്ഷം തേങ്ങയാണ് ആകെ ഉത്പാദനം. ഗ്രാമീണ മേഖലകളിൽ നാളികേരം തൂക്കി വിറ്റ് ജീവിതം തള്ളിനീക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട് കേരളത്തിൽ. നാളികേരത്തിന് മാർക്കറ്റിൽ കിലോയ്ക്ക് 35 മുതൽ 40 രൂപവരെ വിലയുണ്ട്. പക്ഷേ, സാധാരണ കർഷകർക്ക് 15 രൂപ പോലും കിട്ടുന്നില്ലെന്നതാണ് വസ്തുത.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 90 ശതമാനവും വെളിച്ചെണ്ണയ്ക്കും ഭക്ഷ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. ബാക്കി 10 ശതമാനം മാത്രമാണ് വൈവിധ്യവത്കരണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തേങ്ങയുടെ വില പ്രധാനമായും ബന്ധപ്പെട്ടുകിടക്കുന്നത് വെളിച്ചെണ്ണ, കൊപ്ര എന്നിവയുമായിട്ടാണ്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് കൊപ്ര, വെളിച്ചെണ്ണ ഉത്പാദനത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത്. ഇവിടെ വൻതോതിൽ നാളികേരവും കൊപ്രയും സംഭരിച്ചുവയ്ക്കുകയും അതിനനുസരിച്ച് ഡിമാൻഡ് ഇല്ലാതെവരുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞതെന്നാണ് സൂചന. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ വെളിച്ചെണ്ണയെ ആശ്രയിച്ച് തേങ്ങവില നിശ്ചയിക്കുന്ന രീതി മാറണം. വൈവിദ്ധ്യമാർന്ന നാളികേര ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിക്കണം. വെളിച്ചെണ്ണയ്ക്ക് വിലയിടിഞ്ഞാലും മറ്റ് ഉത്പന്നങ്ങൾ തേങ്ങയുടെ വില പിടിച്ചുനിറുത്തുന്ന സ്ഥിതിയിലേക്ക് മൂല്യവർദ്ധിത ഉത്പന്നമേഖല കരുത്താർജിക്കണം. നാളികേര സംഭരണത്തിനൊപ്പം ഇതും വലിയൊരു ദൗത്യമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം.
സംഭരണം അശാസ്ത്രീയം
പച്ചതേങ്ങ സംഭരണ നടപടികൾ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കേരകർഷകർ. സംസ്ഥാനത്തെ 42 ലക്ഷത്തിലധികം വരുന്ന നാളികേര കർഷകരുടെ നട്ടെല്ല് ഒടിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വിലത്തകർച്ച. കൊവിഡ് ദുരന്തത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന നാളികേര കർഷകരെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ് വിലനിലവാരം. കേന്ദ്ര സർക്കാർ 10,500 രൂപ കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിച്ചെങ്കിലും 9,700 രൂപയാണ് കർഷകന് ലഭിക്കുന്നത്. കൊപ്ര വില വർദ്ധിച്ചാൽ മാത്രമേ പച്ചതേങ്ങയ്ക്ക് വിലവർദ്ധനവ് ഉണ്ടാവുകയുള്ളൂ. നാളീകേര കർഷകരെ രക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ പച്ചതേങ്ങ സംഭരണം സാർവത്രികമാക്കണം. 2012ൽ പച്ചതേങ്ങ സംഭരണത്തിന് സ്വീകരിച്ച അതേരീതി തന്നെ സർക്കാർ സ്വീകരിക്കണം. ഇപ്പോൾ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിൽ മാത്രമാണ് വി.എഫ്.പി.സി.കെ മുഖാന്തരം പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് തീരുമാനിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്. എല്ലാ കൃഷിഭവനുകളും മുഖാന്തരം പച്ചത്തേങ്ങ സംഭരിക്കുകയും വില അപ്പോൾത്തന്നെ ലഭ്യമാക്കുന്ന സംവിധാനവും വേണം. കോഴിക്കോട് ജില്ലയിൽ മാത്രം 82 കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരിച്ചിരുന്നു. അന്ന് കിലോയ്ക്ക് 37 രൂപവരെ കർഷകന് ലഭ്യമായിരുന്നു. കിലോയ്ക്ക് 40 രൂപ നൽകാനും കേരഫെഡിന് വരുന്ന നഷ്ടം സർക്കാർ സബ്സിഡിയായി നൽകാനും സംവിധാനം വേണം. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ധനകാര്യമന്ത്രിയും കൂട്ടായി ആലോചിച്ച് ഇതിനനുസൃതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
പാലക്കാടിനെ ഒഴിവാക്കിയത് തിരുത്തണം
നാളികേര സംഭരണത്തിന് കേരഫെഡ് ഏർപ്പെടുത്തിയ നിബന്ധനകൾ പലതും പ്രായോഗികമല്ലെന്ന് ദേശീയ കർഷകസമാജം കുറ്റപ്പെടുത്തുന്നു. ഓരോ കൃഷിഭവന്റെയും പരിധിയിൽ വരുന്ന കർഷകരെ സംബന്ധിച്ച് കൃഷി ഉദ്യോഗസ്ഥർക്ക് ഏകദേശ ധാരണയുണ്ടാവും. നാളികേര കർഷകനാണോ, നാളികേരമുണ്ടോയെന്ന് സ്ഥലം പരിശോധിച്ചതിന് ശേഷം സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ സംഭരണം പാളിപ്പോകുന്നതിന് കാരണമാകും. ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തന്നെ മാസങ്ങൾ കാത്തിരിക്കേണ്ടതായി വരുമെന്നതാണ് പ്രധാന കാരണം. നിബന്ധനകൾ കടുപ്പിച്ചതുമൂലമാണ് സംഭരണം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വലിയ രീതിയിലുള്ള മുന്നേറ്റം പ്രകടമാകാത്തതിന് കാരണം. കോഴിക്കോട് ജില്ല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത് പാലക്കാട്ടാണ്. സംഭരണത്തിൽ നിന്ന് പാലക്കാടിനെ ഒഴിവാക്കിയതിനും യാതൊരു ന്യായീകരണവുമില്ല. അതിനാൽ പാലക്കാട്ടെ കർഷകരിൽനിന്ന് നാളികേരം സംഭരിക്കുന്നതിനുള്ള നടപടി സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നു. നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള സംഭരണ കേന്ദ്രങ്ങളിലാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിട്ടുള്ളത്.