republic

പാലക്കാട്: ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഭാരതത്തിനായി പ്രയത്നിക്കുകയും ജീവൻബലി നൽകിയ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവൻ ബലിനൽകിയ വിവിധ സേനാംഗങ്ങളെയും ജില്ലയിൽ നിന്നുള്ളവരെ ആദരവോടെ സ്മരിക്കുന്നതായി മന്ത്രി പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ട പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വികസന പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കാനുമുള്ള ക്രിയാത്മകമായ പരിശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം. സ്ത്രീകൾ, കുട്ടികൾ, ആദിവാസികളുമടക്കം ദേശീയ പൊതുധാരയിൽ ഇനിയും പ്രാമുഖ്യം ലഭിക്കാത്തവരെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് കർഷക ആത്മഹത്യ കൂടുതലാണ്. കൃഷിക്കാരുടെ മരണം എന്നാൽ കൃഷിയുടെ മരണമാണ്. താങ്ങുവില കർഷക അവകാശമാക്കി മാറ്റുന്ന നിയമനിർമ്മാണം കർഷകരുമായി കൂടിയാലോചിച്ച് നടപ്പാക്കേണ്ടതാണ്. മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് അവകാശപ്പെട്ടതാണ്. അത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയമനിർമ്മാണം ഉണ്ടാകേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കളക്ടർ മൃൺമയി ജോഷി, ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് കെ.സലീം, സബ് കളക്ടർ ബൽപ്രീത് സിംഗ്, അസിസ്റ്റന്റ് കളക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസ് സ്‌റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ജെ.മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ എ.ആർ പൊലീസ്, കെ.എ.പി സെക്കൻഡ് ബറ്റാലിയൻ, ലോക്കൽ പൊലീസ് പുരുഷവിഭാഗം, ലോക്കൽ പൊലീസ് വനിതാവിഭാഗം എന്നിങ്ങനെ നാല് പ്ലറ്റൂണുകൾ അണിനിരന്നു.