geyil

പാലക്കാട്: ഗെയിൽ പൈപ്പ് ലൈനിന്റെ ജില്ലയിലെ ആദ്യ സ്റ്റേഷൻ കഞ്ചിക്കോട് കനാൽപിരിവിൽ പൂർത്തിയായി. ഫെബ്രുവരിയിൽ സ്റ്റേഷൻ കമ്മീഷൻ ചെയ്യും. ദി പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) കമ്മീഷൻ ചെയ്യാനുള്ള അനുമതി നൽകേണ്ടത്. ഇത് ഉടൻ ലഭിക്കും. കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഗ്യാസ് നൽകാനായി സ്റ്റേഷനിൽ നിന്ന് പൈപ്പിട്ട് തുടങ്ങി. മാർച്ചിൽ പൈപ്പിലൂടെ വ്യവസായ മേഖലയിൽ ഗ്യാസ് എത്തും. തുടർന്ന് വീടുകളിലേക്ക് പൈപ്പ് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

ഒന്നാം പിണറായി സർക്കാർ വെല്ലുവിളിയോടെ എറ്റെടുത്ത പദ്ധതിയാണ് പരിസമാപ്തിയിലേക്ക് എത്തുന്നത്. കനാൽപിരിവിലെ സ്റ്റേഷന് പിന്നാലെ ഈ വർഷം തന്നെ വാണിയംകുളം, ലെക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളും കമ്മീഷൻ ചെയ്യും. മുണ്ടൂരിലെയടക്കം സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. സ്റ്റേഷനുകൾ കമ്മീഷൻ ചെയ്തതിന് ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും പൈപ്പ് വഴി ഗ്യാസ് എത്തും.

ആദ്യ ഘട്ടത്തിൽ എലപ്പുള്ളി, പുതുപ്പരിയാരം പഞ്ചായത്തുകളിലെ വീടുകളിലേക്കാണ് പൈപ്പ് വഴി ഗ്യാസ് എത്തിക്കുന്നത്. മാർച്ചിൽ തന്നെ രണ്ട് പഞ്ചായത്തുകളിലെ വീടുകളിലേക്ക് പൈപ്പിടും. മെയിൽ വീടുകളിൽ ഗ്യാസ് എത്തിക്കാനാണ് കരാർ എടുത്തിട്ടുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഗ്രൂപ്പിന്റെ ശ്രമം.

ആപേക്ഷ ഫോം വീട്ടിലെത്തും
എലപ്പുള്ളി, പുതുപ്പരിയാരം പഞ്ചായത്തുകളിലെ വീടുകളിലേക്ക് കരാർ കമ്പനി പ്രതിനിധികൾ ഗ്യാസ് കണക്ഷന്റെ അപേക്ഷ ഫോമുമായി എത്തും. വീട്ടിലേക്ക് പൈപ്പ് ആവശ്യമുള്ളവർ അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം. മാർച്ച് അവസാനമോ, ഏപ്രിലിലോ ഫോം വീടുകളിലെത്തും.

അടവ് മൂന്ന് തരത്തിൽ
പൈപ്പിലൂടെ ഗ്യാസ് മിതമായ നിരക്കിൽ വീട്ടിലെത്തിക്കാനാണ് സർക്കാരും കരാർ കമ്പനിയും ധാരണയിലായിരിക്കുന്നത്. മൂന്ന് തരത്തിലാണ് ബിൽ അടയ്ക്കാനുള്ള സ്‌ക്രീം തയ്യാറാക്കിയിരിക്കുന്നത്.
6000 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നതാണ് ആദ്യ സ്‌ക്രീം. പിന്നീട് ഉപയോഗിക്കുന്ന ഗ്യാസിന് മാത്രം ബിൽ നൽകിയാൽ മതി. ഡെപ്പോസിറ്റ് തുക മൂന്ന് തവണകളായി നൽകി ഗ്യാസിന് ബില്ല് അടയ്ക്കുന്നതാണ് രണ്ടാം സ്‌ക്രീം. മൂന്നാമത്തെ സ്‌ക്രീമിൽ ഉപയോഗിക്കുന്ന ഗ്യാസിന്റെ തുകയ്‌ക്കൊപ്പം മീറ്റർ ചാർജ് എന്ന പേരിൽ 50 രൂപ വീതം നൽകണം. എല്ലാ മാസവും ഇങ്ങനെ മീറ്റർ ചാർജ് നൽകണം.