
മണ്ണാർക്കാട്: സമീപകാലത്ത് നാട്ടിലാകെ 'പുലിപ്പേടി' വ്യാപകമായതോടെ ജനങ്ങൾക്കുണ്ടാകുന്ന ആശയക്കുഴപ്പമകറ്റാൻ വനം വകുപ്പ്. പുലിയുടേതിന് സമാനമായ വിവിധങ്ങളായ മൃഗങ്ങളുടെ കാൽപ്പാടുകൾ തയ്യാറാക്കിയ പോസ്റ്ററുകളിലൂടെയാണ് ബോധവൽക്കരണം നടത്തിയത്.
കാൽപ്പാടുകൾ നോക്കിയാണ് പലപ്പോഴും പുലിയിറങ്ങിയെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നത്.പുലിയിറങ്ങിയതായി നിരവധി ഫോൺ കോളുകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി കോളുകളുടെ എണ്ണം കൂടി.പാലക്കാട് നഗരത്തിനടുത്തുള്ള അകത്തേത്തറ പഞ്ചായത്തിൽ ജനവാസ മേഖലയിൽ അടഞ്ഞുകിടന്ന വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെ തുടർന്നാണിത്.ഇതോടെ മണ്ണാർക്കാട് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ 'പുലിപ്പേടി' കൂടിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.വെരുകിന്റെയും കാട്ടുപൂച്ചയുടെയും നായയുടെയും കുറുനരിയുടെയും കാൽപ്പാടുകൾ കണ്ടാണ് പലരും പുലിയാണെന്ന് തെറ്റിദ്ധരിക്കുന്നത്.രാത്രി വളർത്തു മൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമ്പോൾ പിറ്റേന്ന് രാവിലെയോടെ പുലിയിറങ്ങിയെന്ന വാർത്ത പരക്കും.എന്നാൽ സ്ഥലത്ത് പരിശോധന നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കാൽപ്പാടുകൾ നോക്കി പുലിയല്ലെന്ന് പിന്നീട് സ്ഥിരീകരിക്കുന്നത്.വനം വകുപ്പ് ഓഫീസുകളിലേക്ക് വരുന്ന ഫോൺകോളുകളുടെ പശ്ചാത്തലത്തിൽ നാട്ടിലിറങ്ങാൻ സാധ്യതയുള്ള ആക്രമണകാരികളായ മൃഗങ്ങളുടെ കാൽപ്പാടുകൾ സംബന്ധിച്ച് വനം വകുപ്പ് വ്യാപകമായ ബോധവത്കരണം നടത്താനൊരുങ്ങുകയാണ്.
കുറുനരി,നാടൻ നായ,പുള്ളിപ്പുലി, കടുവ,കാട്ടുപൂച്ച,വെരുക് തുടങ്ങിയവയുടെ കാലടയാളങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ലഘുലേഖ പുലിപ്പേടിയുള്ള പ്രദേശങ്ങളിൽ വ്യാപകമായി വിതരണം ചെയ്യാൻ വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.വന്യ ജീവി വിഭാഗമാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.
പുള്ളിപ്പുലിയുടെ കാൽപ്പാദങ്ങൾക്ക് ഏകദേശം നാല് മുതൽ അഞ്ച് ഇഞ്ച് വരെ നീളം കാണും.നഖങ്ങൾ മണ്ണിൽ പതിയാറില്ല.മുൻനിരയിലെ നഖങ്ങൾ ഒരേ നിരയിൽ ആകണമെന്നില്ല. വിരലുകൾക്കും മടമ്പിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലം നായയുടെ കാലടയാളത്തിൽ ഉള്ളതിനേക്കാൾ കുറവാണ്.ഈ കാലടയാളം കണ്ടാൽ മാമ്രേ പുള്ളിപ്പുലിയാണെന്ന് ഉറപ്പിക്കേണ്ടതുള്ളൂ.അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളായിരിക്കും. കാട്ടുപൂച്ചയുടെ കാലടയാളം ഏതാണ്ട് പുള്ളിപ്പുലിയുടേതിന് സമാനമാണ്.