
നെന്മാറ: പൊട്ടാഷ് രാസവളത്തിന്റെ ക്ഷാമത്തെ തുടർന്ന് ഉരുണ്ട തരി രൂപത്തിലുള്ള പുതിയ തരം പൊട്ടാഷ് വിപണിയിലെത്തി. സാധാരണ പൊട്ടാഷ് 50 കിലോ ഉപയോഗിക്കേണ്ട സ്ഥാനത്ത് നാനോ പൊട്ടാഷ് 10 കിലോ ഉപയോഗിച്ചാൽ മതിയെന്ന് ഉൽപാദകർ പറയുന്നു. 25 കിലോ ചാക്കിലാണ് നാനോ പൊട്ടാഷ് വിപണിയിലെത്തിയിരിക്കുന്നത്. 2400 രൂപയാണ് 25 കിലോയുടെ എം.ആർ.പി വില രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും 2000 രൂപയ്ക്കാണ് വ്യാപാരികൾ വിൽക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് ഇറക്കുമതി ചെയ്തു നൽകുന്ന സാധാരണ പൊട്ടാഷിന് 1700 രൂപയായി വില ഉയർന്നതും വിപണിയിൽ പൊട്ടാഷിന് ക്ഷാമം നേരിട്ടതുമാണ് നാനോ പൊട്ടാഷിന് ആവശ്യക്കാർ ഏറിയത്.
സാധാരണ പൊട്ടാഷ് കൂടുതൽ അളവിൽ ഉപയോഗിച്ച് ശീലിച്ചതിനാൽ നാനോ പൊട്ടാഷ് കർഷകർക്ക് ഉപയോഗിക്കാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. യൂറിയയോടൊപ്പം കലർത്തുമ്പോൾ ചെറിയ അളവ് എന്നത് കർഷകരെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ടെങ്കിലും നാനോ പൊട്ടാഷിന് വീര്യം കൂടുതൽ ആയതിനാൽ കർഷകർ ചെറിയ തോതിലാണെങ്കിലും ഉപയോഗിച്ചുതുടങ്ങി.
ദ്രാവകരൂപത്തിലുള്ള നാനോ പൊട്ടാഷും ലഭ്യം
ദ്രാവക രൂപത്തിലുള്ള യൂറിയ വന്നതോടെ യോജിപ്പിച്ച് വെള്ളത്തിലൂടെ ഇലകളിൽ തളിച്ചു കൊടുക്കുന്നതിനും സൗകര്യപ്രദമാണ്. തളിച്ചു കൊടുക്കുന്ന സൗകര്യത്തിനായി ഒരു ലിറ്റർ അളവിൽ ദ്രാവകരൂപത്തിലുള്ള നാനോ പൊട്ടാഷും വിപണിയിൽ ലഭ്യമാണ് 900 രൂപയാണ് ഒരു ലിറ്റർ ദ്രാവകരൂപത്തിലുള്ള പൊട്ടാഷിന്റെ വിലയെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറലും ശുപാർശ ചെയ്യുന്നു. നെല്ല് ഉൾപ്പെടെയുള്ളവയ്ക്ക് തളിച്ചു കൊടുക്കുന്നതിന് ഒരു ലിറ്റർ വെള്ളത്തിന് 3 മുതൽ 4 മില്ലി ലിറ്ററാണ് ദ്രാവക രൂപത്തിലുള്ള പൊട്ടാഷ് ശുപാർശ ചെയ്യുന്നത്.