
ചിറ്റൂർ: വണ്ണാമട വെള്ളാരങ്കൽ മേട്ടിലെ ശ്രീ അംബാൾ കോക്കോ ഫൈബർ കയർഫാക്ടറിൽ തീ പിടിത്തം ഉണ്ടായി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ രണ്ടു യൂണിറ്റ് സേനാംഗങ്ങൾ മൂന്നര മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്നരയോടെയാണ് സംഭവം. വെള്ളാരങ്കൽമേട് ആനന്ദ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. അടുത്തുള്ള വൈദ്യുത കമ്പികൾ തമ്മിൽ കൂട്ടിമുട്ടി ഉണ്ടായ തീപ്പൊരി വീണാണ് തീ പിടിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
തീ പടരുന്നത് തടയാൻ ശ്രമിച്ചെങ്കിലും ഉണക്കാനിട്ട നിരവധി ചകിരിക്കൂനകൾ കത്തിനശിച്ചു. വേനൽച്ചൂടിനൊപ്പം ശക്തമായ കാറ്റുംമൂലം പ്രദേശത്ത് നാല് മണിക്കൂറിലധികം പുകയും പടർത്തിരുന്നു.16 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായതെന്ന് പ്രാഥമിക നിഗമനമെന്ന് ഫയർ ഓഫീസർ പറഞ്ഞു. ഫയർ അസി. സ്റ്റേഷർ ഓഫീസർ എ.ഗിരി, സീനിയർ ഫയർ ഓഫീസർ പി.വി. പ്രസാദ്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ മാരയ എം.ശ്രീജൻ,എസ്.അഭിരാജ്, എം.സുജിൻ, ആർ.സുജീഷ്, എം.മനു, എം.മനോജ്, എം.വിനിൽ, വി.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.