
 രണ്ടാംവിള കൊയ്ത്തിന്റെ തിരക്കിൽ വള്ളുവനാടൻ പാടങ്ങൾ
ഒറ്റപ്പാലം: വള്ളുവനാടൻ പാടശേഖരങ്ങളിൽ രണ്ടാം വിള നെൽകൃഷി കൊയ്‌തെടുക്കാനുള്ള തിരക്കിലാണ് കർഷകർ. ഒറ്റപ്പാലത്തിന്റെ കാർഷിക മേഖലകളിൽ കൊയ്ത്തും കൃഷിപണികളും സജീവമായി നടന്നു വരുന്നു. അമ്പലപ്പാറ, പാലപ്പുറം, മീറ്റ്ന, വരോട്, മേഖലകളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് നടന്നുവരുന്നു. യന്ത്രവത്കൃത കൃഷി പ്രവർത്തനങ്ങളാണ് പാടശേഖരങ്ങളിൽ നടന്നുവരുന്നത്. കൊയ്ത്തും നടീലുമൊക്കെ യന്ത്രങ്ങൾ നിർവ്വഹിക്കും. തൊഴിലാളി ക്ഷാമത്തെ മറികടക്കാൻ കർഷകർക്ക് ഇത് തുണയായി. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ കർഷകർ നിരത്തുന്നത് നഷ്ട കണക്കാണ്. മഴ കൂടിയതും ചാഴിയടക്കം കീടങ്ങൾ നെല്ലിനെ ബാധിച്ചതും കർഷകർക്ക് തിരിച്ചടിയായി.
എന്നാൽ വൈക്കോലിന് ഇത്തവണ നല്ല വില കിട്ടുന്നതായി കർഷകർ പറയുന്നു.
ഒരു കെട്ട് വൈക്കോലിന് 200 - 250 രൂപ വരെ ലഭിച്ചതായി കർഷകർ പറഞ്ഞു. കഴിഞ്ഞ സീസണിൽ 100 - 150 രൂപയായിരുന്നു വില. വൈക്കോൽ വാങ്ങാൻ ഏജൻസികൾ കർഷകരുടെ പാടങ്ങളിലെത്തി. ഒരു ഏക്കർ പാടത്തു നിന്ന് 50 - 60 കെട്ട് വൈക്കോൽ ലഭിക്കും. യന്ത്രം ഉപയോഗിച്ച് കെട്ടാക്കി മാറ്റും. ഒരു കെട്ടിന് 10 രൂപയോളം ഇതിനായി ചെലവ് വരും. ഗുരുവായൂർ, മണ്ണാർക്കാട് ,എറണാംകുളം ഭാഗങ്ങളിലേക്കാണ് വൈക്കോൽ കൂടുതലും കയറ്റി പോകുന്നത്. ഫാമുകളുടെ ആവശ്യത്തിലേക്കാണ് പ്രധാനമായും ഇവ ശേഖരിക്കുന്നത്. രണ്ടാം വിളകൊയ്ത്ത് കഴിഞ്ഞാൽ വളളുവനാടൻ പാടങ്ങൾ വിശ്രമത്തിലാവും. പിന്നീട് വേനൽമഴ ലഭിച്ചാൽ ഏപ്രിൽ മെയ് മാസങ്ങളിലാണ് രണ്ടാം വിളകൃഷിപ്പണികൾ നടത്തുക.
200 - 250 രൂപ ഒരു കെട്ട് വൈക്കോലിന്