
അഗളി: കൊവിഡ് ബാധിച്ച് ആദിവാസി ബാലൻ മരിച്ച സംഭവത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വീഴ്ച പറ്റിയതായി ആക്ഷേപം. 27ന് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താഴെ അബ്ബണ്ണൂർ ഊരിലെ ഷൈജു - സരസ്വതി ദമ്പതികളുടെ മകൻ സ്വാദിഷ് (രണ്ട്)നെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാതെ പനിക്കുള്ള മരുന്ന് മാത്രം നൽകി ഊരിലേക്ക് മടക്കി അയക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് സ്വാദിഷിനെ കൂക്കമ്പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ആറോടെ മരണം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.