
പാലക്കാട്: കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങും. തമിഴ്നാട്ടിൽ രാത്രിക്കാല കർഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിൻവലിച്ച സഹാചര്യത്തിൽ കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോയമ്പത്തൂരിലേക്ക് അഞ്ചും പൊള്ളാച്ചിയിലേക്ക് മൂന്നും ബസുകളായിരിക്കും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം ദീർഘദൂരബസുകൾ സാധാരണ പോലെ ഓടും. കോഴിക്കോട്, തൃശൂർ ഭാഗത്തേക്ക് ഓരോ മണിക്കൂറും ഇടവിട്ടും പട്ടാമ്പി, ഒറ്റപ്പാലം, തോലന്നൂർ ഭാഗത്തേക്കും സർവീസുണ്ടായിരിക്കും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാവും മറ്റു സർവീസുകൾ നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ജില്ലാ ബി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ സൂക്ഷിക്കണം. കടകൾ രാവിലെ ഏഴ് മണി മുതൽ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തിൽ വർക്ക്‌ഷോപ്പുകൾ തുറക്കാം. മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസം ഉണ്ടാകില്ല. വിവാഹ - മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാനാവൂ. നിർത്തുകളിൽ പരിശോധന കർശനമാക്കും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.