
നെന്മാറ: കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് നെൽപ്പാടങ്ങളിലും കർഷകൻ സൗരോർജ്ജ വൈദ്യുത വേലി സ്ഥാപിച്ചു തുടങ്ങി. തിരുവഴിയാട് പുത്തൻതറ പാടശേഖരസമിതിയിലെ കർഷകരാണ് വൈദ്യുത വേലി സ്ഥാപിച്ചു തുടങ്ങിയത്. 
നെൽപ്പാടങ്ങളിൽ കതിരുവരാൻ തുടങ്ങിയതോടെയാണ് കാട്ടുപന്നി ശല്യം പ്രദേശത്ത് രൂക്ഷമായത്. കാട്ടുപന്നികൾ അക്രമാസക്തരായി ആളുകളെ ആക്രമിക്കാൻ തുടങ്ങുകയും കാവൽപ്പുരകളും സുരക്ഷിതമല്ലാതാവുകയും, റാന്തൽ വിളക്ക്, രാത്രി ശബ്ദമുണ്ടാക്കാൻ എന്നിവയൊന്നും കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കാൻ ഫലവത്താവാതിരിക്കുക തുടങ്ങിയ സാഹചര്യത്തിലാണ് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നതാണെങ്കിലും വിള സംരക്ഷിക്കാൻ കർഷകർക്ക് വൈദ്യുത വേലി സ്ഥാപിക്കാൻ തയ്യാറായത്. ഒരു മീറ്റർ ഉയരത്തിൽ അരയടി വീതം അകലത്തിലുായി കമുകിന്റെയും മുളയുടെയും കമ്പുകൾ ഉപയോഗിച്ച് വയൽ വരമ്പുകളിലൂടെ കമ്പികൾ വലിച്ചാണ് വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ എടുത്തു മാറ്റാവുന്ന തരത്തിലാണ് വൈദ്യുത വേലിയുടെ നിർമ്മാണം.
 ചാർജ് ചെയ്ത് വലിയ ബാറ്ററികളിൽ നിന്ന് എനർജൈസർ എന്ന പ്രത്യേക ഇലക്ട്രോണിക് യന്ത്രത്തിലൂടെ 12 വോൾട്ട് വൈദ്യുതി ഉയർന്ന ആമ്പിയറിൽ മിനിട്ടിൽ അഞ്ചും പത്തും ഇടവേളകളിൽ കടത്തിവിട്ടാണ് വൈദ്യുത വേലി പ്രവർത്തിക്കുന്നത് ഉയർന്ന തോതിലുള്ള ഷോക്ക് ഏൽക്കുമെങ്കിലും ആളപായം ഉണ്ടാവാറില്ല. രാത്രികാലങ്ങളിൽ മാത്രമാണ് ഇപ്പോൾ വൈദ്യുത വേലി പ്രവർത്തിപ്പിക്കുന്നത്.
കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കൂടുതൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് മുന്നിട്ടിറങ്ങി കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്നാണ് ഈ പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നത്.