thootha

ചെർപ്പുളശ്ശേരി: മുണ്ടൂർ - തൂത നാലുവരിപ്പാത നിർമ്മാണത്തോടൊപ്പം തൂത പാലത്തിന്റെ വികസനത്തിനും വഴി തെളിയുന്നു. വീതി കുറവായ തൂതപ്പാലത്തിന് സമാന്തരമായി രണ്ടാംപാലത്തിന്റെ നിർമ്മാണത്തിനാണ് അനുമതിയായത്.
പാലക്കാട് - മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂതപ്പാലത്തിന് കാലപ്പഴക്കമേറെയുണ്ട്. വീതികുറവുളള ഈ പാലത്തിലൂടെ ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും പ്രയാസമാണ്. അതുകൊണ്ടു തന്നെ നാലുവരിപ്പാതയുടെ പ്രയോജനം പൂർണമാവണമെങ്കിൽ പുതിയ പാലം വേണമെന്ന റിപ്പോർട്ടിനെത്തുടർന്നാണ് പുതിയൊരു പാലം കൂടി നിർമ്മിക്കാൻ അനുമതിയായിരിക്കുന്നത്.
ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് പണി കഴിപ്പിച്ചതാണ് തൂതപ്പുഴയ്ക്കു കുറുകെ ഇപ്പോഴുള്ള പാലം. നടപ്പാതയും പാലത്തിൽ ഇല്ല എന്നത് ന്യൂനതയായിരുന്നു. പാലത്തിന്റെ ബലക്ഷമത സംബന്ധിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് പ്രതലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ പാലം അടച്ചിടേണ്ട സാഹചര്യവുമുണ്ടായി. പ്രതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയാണ് വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തത്.
മുണ്ടൂർ മുതൽ തൂതപ്പാലം വരെ 37 കിലോമീറ്റർ വരും. ഇത്രയും ദൂരം 19 മീറ്റർ വീതിയിലാണ് നാലുവരിപ്പാത നിർമ്മാണം പുരോഗമിച്ചുവരുന്നത്.
റോഡുവികസനത്തിന്റെ ഭാഗമായി 112 കലുങ്കുകളും അഞ്ച് പാലങ്ങളും നിർമ്മിക്കുന്നുണ്ട്. തൂതയിൽ പുതിയ പാലം എന്ന നാട്ടുകാരുടേയും യാത്രക്കാരുടേയും ദീർഘകാലമായുള്ള ആവശ്യമാണ് നാലുവരി പാതയുടെ വരവോടെ പൂവണിയാൻ പോവുന്നത്.റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെയടക്കം സഹായത്തോടെയാണ് പാതാ നവീകരണം പുരോഗമിക്കുന്നത്.

364 കോടിരൂപ ചെലവ്