
പാലക്കാട്: ജില്ലയിൽ പനി പരിശോധനയ്ക്കായി മാത്രം താലൂക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി ആരംഭിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കൂടുതൽ സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഒ.പി സൗകര്യം ഒരുക്കണം. പനി ബാധിതരും കൊവിഡ് രോഗികളും ആശുപത്രികളിൽ ഒന്നിച്ചെത്തി തിരക്ക് ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. കളക്ടറേറ്റിൽ ഓൺലൈനായി നടന്ന കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് സാഹചര്യത്തിൽ മരുന്നുകൾക്ക് മാത്രമായി ആശുപത്രികളിൽ എത്തുന്നവർക്ക് മരുന്ന് വീടുകളിൽ എത്തിച്ചു നൽകാനുള്ള സൗകര്യം ഒരുക്കണം. ഇതിനായി വാതിൽപ്പടി സേവനത്തിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാരെയും ആശാവർക്കർമാരെയും നിയോഗിക്കാൻ തീരുമാനമായി. ആർ.ടി.പി.സി.ആർ പരിശോധന പി.എച്ച്.സി തലത്തിൽ നടത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി കൂടുതൽ ലാബ് ടെക്‌നീഷ്യന്മാരെ അനുവദിക്കും.
താഴെത്തട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കുറവുകൾ പരിഹരിക്കാനും ബ്ലോക്ക് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും എം.എൽ.എമാരെയും പങ്കെടുപ്പിച്ച് ഓൺലൈനായി യോഗം ചേരാനും നിർദേശിച്ചു. പല കുടുംബങ്ങളിലെയും മുഴുവൻ അംഗങ്ങൾക്കും കൊവിഡ് ബാധിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ആവശ്യമായ സേവനങ്ങൾ ഒരുക്കി നൽകും. ആദിവാസി മേഖലകളിൽ കൊവിഡ് പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ കൊവിഡ് സ്ഥിതി ആശങ്കാ ജനകമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് ബാധിച്ച ഗുരുതരമായ കേസുകൾ കുറവാണ്. ആശുപത്രികളിൽ കിടക്ക ഉൾപ്പെടെ 30 ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഓക്‌സിജൻ ആവശ്യത്തിന് കരുതലുണ്ട്. കൊവിഡ് മരണംമൂലം സാമ്പത്തിക സഹായത്തിനായി നിലവിൽ 3339 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സഹായ വിതരണം വേഗത്തിലാക്കാൻ ഞായർ ഉൾപ്പെടെ ദിവസങ്ങളിൽ ട്രഷറി പ്രവർത്തിക്കുന്നുണ്ടെന്ന് യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.
ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എന്മാരായ കെ.ബാബു, അഡ്വ. കെ.ശാന്തകുമാരി, കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രിയഅജയൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുരുകദാസ്, മുതലമട, കപ്പൂർ, മലമ്പുഴ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അസിസ്റ്റന്റ് കളക്ടർ അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.