
പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ ബി.കോം വിദ്യാർത്ഥി ജീവനൊടുക്കിയത് പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനാലാണെന്ന് നിഗമനം. റെയിൽവേ കോളനിക്ക് സമീപം ഉമ്മിനി മസ്ജിദ് റോഡിൽ സുബ്രഹ്മണ്യന്റെ മകൾ ബീന (20) ആണ് മരിച്ചത്. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാംവർഷ ബി.കോം വിദ്യാർത്ഥിയായ ബീനയ്ക്ക്
കാലിക്കറ്റ് സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസ് സമയബന്ധിതമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഒരു വർഷം നഷ്ടമാകുമെന്ന മാനസിക വിഷമത്തിലായിരുന്നു. ഇന്നലെ രാവിലെ 11ഓടെ മുറയിൽ കയറിയ ബീന ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ബീനയെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ശനിയാഴ്ച അമ്മ ദേവകി കോളേജിൽ ഫീസടയ്ക്കാൻ ചെന്നിരുന്നു. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാൽ കോളേജ് ഫീസ് മാത്രമാണ് അടയ്ക്കാനായത്. പരീക്ഷാഫീസിന്റെ ലിങ്ക് സർവകലാശാലയ്ക്ക് അയച്ചെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് അധികൃതരുടെ മറുപടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹേമാംബിക നഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമ്മ: ദേവകി. സഹോദരൻ: ബിജു.
കോളേജിന് വീഴ്ചപറ്റിയിട്ടില്ലെന്ന്
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. ഫീസ് തുകയും അടയ്ക്കാനുള്ള അവസാന തിയതിയും നിശ്ചയിച്ചത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ്. ഈ മാസം പത്തിനായിരുന്നു അവസാന തിയതി. പിന്നീട് പിഴയോടെ ഫീസടയ്ക്കാൻ തിയതി നീട്ടി നൽകിയിരുന്നു. ഈ വിഷയത്തിൽ കേളേജിന് തീരുമാനം എടുക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പൽ അനിൽ വ്യക്തമാക്കി.