
പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനത്തിനു പിന്നാലെ പകർച്ചപ്പനിയും പിടിമുറുക്കുന്നു. ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ വർദ്ധനവിനോടൊപ്പം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം 1315 പേരാണ് പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയത്. ഇതിൽ നാലു പേർ കിടത്തി ചികിത്സ തേടി. കൂടാതെ ഈ മാസം ഇതുവരെ 60 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കേസുകളിൽ ചികിത്സ തേടാൻ വൈകിയാൽ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയ്ക്ക് കാരണമാകും. ജനുവരിയിൽ സംസ്ഥാനത്ത് ആകെ 264575 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ചൂട് കൂടുന്നതോടെ ചിക്കൻപോക്സ് പിടിപെടാൻ സാധ്യതയുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുകയും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കുകയും ചെയ്യണം. ചൂട് കൂടിയതോടെ ചിക്കൻപോക്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ ചിക്കൻപോക്സ് ബാധിച്ച് 388 പേരാണ് ചികിത്സ തേടിയത്. ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തു.
സംസ്ഥാന കണക്ക് (2022 ജനുവരി 29 വരെ)
വൈറൽ പനി- 264575
ഡെങ്കിപ്പനി- 166 (മരണം- 01)
എലിപ്പനി- 98 (മരണം- 02)
ചിക്കുൻഗുനിയ- 09
ചിക്കൻപോക്സ്- 388 (മരണം- 02)
വേനൽക്കാലമായതിനാൽ പകർച്ചപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത കൂടുതലാണ്. ശുദ്ധമായ വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക. നിലവിലെ സാഹചര്യത്തിൽ പനി വന്നാൽ ഉടൻ ഡോക്ടറുടെ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴുവാക്കുക. കൂടാതെ പകൽചൂടിന്റെ കാഠിന്യം കൂടുന്നതിൽ സൂര്യാഘാതം ഏൽക്കാതെ സൂക്ഷിക്കുകയും ആരോഗ്യ ജാഗ്രത കർശനമായി പാലിക്കുകയും വേണം.
ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്.