റാന്നി: കാട്ടുകുരങ്ങുകളുടെ ശല്യം ഒഴിവാക്കുന്നതിനായി വനാതിർത്തിയിലെ മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന നിർദേശവുമായി വലിയ കാവ് വന സംരക്ഷണ സമിതിയുടെ സൂക്ഷ്മാ സൂത്രണരേഖ തയാറായി. കാട്ടുപന്നി ശല്യം ഒഴിവാക്കാനായി ആരംഭിച്ച ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കണം. കൃഷിസ്ഥലത്തോടു ചേർന്ന വനാതിർത്തികളിൽ നിയന്ത്രിത തീ ഇടൽ നടത്തണമെന്ന ആശയവും പങ്കാളിത്ത ഗ്രാമ വിശകലനത്തിലൂടെ തയാറാക്കിയ സൂക്ഷ്മാസൂത്രണ രേഖ നിർദേശിക്കുന്നു. റാന്നി വനം ഡിവിഷനിലെ വർക്കിംഗ് പ്ളാനിന് തുടർച്ചയായി അടുത്ത 10 വർഷത്തെ കർമപദ്ധതികളാണ് സൂക്ഷ്മാസൂത്രണ രേഖയിലൂടെ വിഭാവനം ചെയ്യുന്നത്. പ്രാദേശിക ജനസമൂഹത്തിന് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നിരവധി നിർദേശങ്ങൾ ആസൂത്രണ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയകാവിലെ കാലാവസ്ഥ, മണ്ണിന്റെ ഘടന, മഴയുടെ അളവ് എന്നിവ നാട്ടുകാരും വനപാലകരും ചേർന്ന് ശാസ്ത്രീയമായി പഠന വിധേയമാക്കിയാണ് സൂക്ഷ്മാ സൂത്രണ രേഖ തയാറാക്കിയത്. കരികുളം ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന പങ്കാളിത്ത ഗ്രാമ വിശകലന പ്രക്രിയയിൽ പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ, പങ്കാളിത്ത വന പരിപാലന പദ്ധതി ഡി വിഷണൽ കോ.ഓർഡിനേറ്റർ സുരേഷ് ബാബു വന സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ജെയിംസ് പി.എഫ്.എം.കോർ ടീം അംഗങ്ങളായ ഷിമിൽ, അജീഷ,വിദ്യ കുമാരി, ബീന മാത്യൂസ്, അമ്പിളി.എന്നിവർ നേതൃത്വം നൽകി.വി.എസ്.എസ്. വൈസ് പ്രസിഡന്റ് ശാന്തമ്മ സോമൻ, ഫിലിപ്പ് പാണ്ടിയത്ത്, ത്രേസ്യാമ്മ ഫിലിപ്പ്, ഇ.ടി. കുഞ്ഞുമോൻ, ഉഷ പ്രകാശ്, വി.കെ.ശശിധരൻ, ശ്യാമള തങ്കപ്പൻ, കുഞ്ഞുമോൾ നാണു, ഏലിയാമ്മ ജോൺ തുടങ്ങിയ നാട്ടുകാരും പങ്കാളികളായി.